

ദോഹ: നഹ്ജുല്‍ ഹുദയെന്ന പേരിനു തന്നെയൊരു വ്യത്യസ്തതയുണ്ട്. പിന്നെങ്ങനെ നഹ്ജുല്‍ ഹുദയ്ക്ക് വ്യത്യസ്തമായി ചിന്തിക്കാതിരിക്കാനാവും.
തിരൂര്‍ താലൂക്കിലെ മംഗലം പഞ്ചായത്തിലെ ചേന്നര പെരുന്തിരിത്തി ഗ്രാമത്തില്‍ നിന്നും ഖത്തറിലെ ഹ്യുണ്ടായി കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായി ജോലി നോക്കുന്ന നഹ്ജു ലോക സിനിമാ പ്രേമികളുടെ ഇഷ്ടഇടമായ കാനിലാണ് മാറ്റുരച്ചത്. അതും ഒരു മലയാള ഹൃസ്വചിത്രവുമായി!

നിരവധി നാടകക്കാരുണ്ടായിരുന്ന ഗ്രാമം കാര്യമായി പുറംലോകത്ത് അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ ഒച്ചിലൂടെ തന്റെ ഗ്രാമത്തെ കാനിലെ വെള്ളിത്തിരയിലേക്കാണ് നഹ്ജു എത്തിച്ചത്.


കാനില്‍ ഏപ്രില്‍ എഡിഷനില്‍ ഫൈനല്‍ പട്ടികയില്‍ ഇടംപിടിച്ച 89 ഹൃസ്വ ചിത്രങ്ങളിലൊന്ന് ഒച്ചായിരുന്നു. ക്ലാസ് മുറിയില്‍ ഒരു വിദ്യാര്‍ഥിനിയിലൂടെ രാഷ്ട്രീയം പറയുന്നു ഒച്ച്.
നേരത്തെ 2018ല്‍ നൂല് എന്ന ഹൃസ്വ ചിത്രം ചെയ്ത നഹ്ജുല്‍ ഹുദ നിരവധി അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ചലച്ചിത്രോത്സവത്തില്‍ നാലായിരം ഹൃസ്വചിത്രങ്ങളില്‍ മികച്ച മൂന്നെണ്ണത്തില്‍ ഫൈനലിസ്റ്റായി എത്തിയ നൂല് ബംഗളൂരു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ബംഗ്ലാദേശ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ഒഫീഷ്യല്‍ സെലക്ഷനും കേരള യുവജനക്ഷേമ ബോര്‍ഡിന്റെ മികച്ച ചിത്രത്തിനുള്ള രണ്ടാം സ്ഥാനവും ജോണ്‍ അബ്രഹാം പുരസ്ക്കാരം ഉള്‍പ്പെടെയുള്ളവയും നേടിയിരുന്നു.

നമ്മുടെ ഭാഷയിലുള്ള ഹൃസ്വചിത്രം നമ്മളെയോ നമ്മുടെ ഭാഷയോ അറിയാത്ത, ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിലുള്ളവര്‍ കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുവെന്നത് തന്നെ ആവേശഭരിതനാക്കുന്നതായി നഹ്ജുല്‍ ഹുദ പറയുന്നു. ഹൃസ്വ ചിത്രങ്ങള്‍ ഫെസ്റ്റിവലുകള്‍ക്ക് അയക്കുന്നതിന്റെ പ്രധാന കാരണം തന്നെ വ്യത്യസ്ത ഭാഗങ്ങളിലുള്ളവര്‍ കാണണമെന്ന ആഗ്രഹം തന്നെയാണ്. സിനിമകളുടെ എണ്ണത്തിലല്ല ഗുണനിലവാരത്തിലാണ് താന്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
മാതാപിതാക്കള്‍ അധ്യാപകരായ നഹ്ജുല്‍ ഹുദയുടെ കുടുംബത്തിലാര്‍ക്കും സിനിമാ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാവര്ക്കും എഴുത്തുമായും വായനയുമായും നല്ല ബന്ധങ്ങളുമുണ്ടായിരുന്നു.
ലോക സിനിമയിലെ മാസ്റ്റേഴ്സിന്റെ സിനിമ കണ്ടതോടെയാണ് നഹ്ജുല്‍ ഹുദയ്ക്ക് സിനിമകളില്‍ താത്പര്യം വന്നു തുടങ്ങിയത്. ജപ്പാന്, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ വലിയ രീതിയില്‍ സ്വാധീനിച്ചു. മലയാളത്തില്‍ ഭരതനും പത്മരാജനും ഉള്‍പ്പെടെയുള്ളവരെയായിരുന്നു ഏറെ ഇഷ്ടം.
എല്ലാതരം ഴോണറുകളിലുള്ള സിനിമകളും കാണാനിഷ്ടപ്പെടുന്ന നഹ്ജുല്‍ ഹുദയ്ക്ക് ക്ലാസിക് മാത്രമല്ല കൊമേഴ്സ്യല്‍ ചലച്ചിത്രങ്ങളും പാഠപുസ്തകങ്ങളാണ്.

കോളജ് കാലത്ത് ഹൃസ്വചിത്രങ്ങള്‍ ചെയ്യാനുള്ള താത്പര്യം ഉണ്ടായിരുന്നെങ്കിലും സാമ്പത്തികം വലിയ പ്രശ്നമായതിനാല്‍ അതു നടന്നില്ല. അതിനിടെ നാട്ടുകാരും ഹൃസ്വചിത്രപ സംവിധായകരുമായ റിഫാ ഷരീഫ് ചേന്നരയുടെയും മുഹമ്മദ് റാഫി തായന്നൂരിന്റേയും അസോസിയേറ്റായി പ്രവര്‍ത്തിച്ചത് സിനിമയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചു.
2016ല്‍ ഖത്തറിലെത്തിയ നഹ്ജുല്‍ ഹുദ 2018ലെ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ആദ്യ ഹൃസ്വചിത്രം നൂല് ചിത്രീകരിച്ചത്. കോളജ് കാലഘട്ടത്തില്‍ ആലോചിച്ച കഥയായിരുന്നു നൂലായി എത്തിയത്.
2023ല്‍ ഒച്ച് ചെയ്തപ്പോള്‍ നിമ വി പ്രദീപായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അധ്യാപകനായി തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എം എം പുറത്തൂരും സുഹൃത്തായി അരുണിമയും 1970കളില്‍ ആകാശവാണിയില്‍ നാടകം ചെയ്തിരുന്ന ഉമര്‍ കളത്തില്‍, തിരൂര്‍ മമ്മൂട്ടി, സനോജ്, റിയാസ്, പ്രമോദ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കാനെത്തിയത്. സാജന് കെ റാം സംഗീതവും വാഹിദ് ഇന്‍ഫോം ക്യാമറയും സന്തോഷ് ഇന്‍ഫോം എഡിറ്റിംഗും നിര്‍വഹിച്ചു.

