

ദോഹ: സിറിയയില്‍ ഉടന്‍ എംബസി തുറക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ പ്രസ്താവനയില്‍ ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യബന്ധം ശക്തിപ്പെടുത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അല്‍ അന്‍സാരി ഊന്നിപ്പറഞ്ഞു. നീതി, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുടെ അടിത്തറയില്‍ തങ്ങളുടെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സിറിയന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച പിന്തുണയും ഇത് പ്രതിഫലിപ്പിക്കുന്നു.

എംബസി വീണ്ടും തുറക്കുന്നത് സിറിയന്‍ ജനതയ്ക്ക് എയര്‍ ബ്രിഡ്ജ് വഴി ഖത്തര്‍ നല്‍കുന്ന മാനുഷിക സഹായം സുഗമമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും പറഞ്ഞു.
