

നേപ്യിഡോ: മ്യാന്മര് ഭരണകൂടത്തിന്റെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി മലേഷ്യയിലേക്ക് പുറപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥി ബോട്ട് മുങ്ങി. ബോട്ടില്‍ 90ഓളം പേരാണുണ്ടായിരുന്നത്. ഇവരില്‍ ഭൂരിപക്ഷത്തേയും കാണാതായി.

മെയ് 19നാണ് ദുരന്തം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

20 പേര് രക്ഷപ്പെട്ടതായും 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും യു എസ് ഫണ്ടഡ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട 20ലേറെ പേരെ അയേര്‍വാഡി മേഖലയില്‍ അധികൃതര്‍ തടഞ്ഞുവെച്ചതായി തീരദേശ ജില്ലയായ ഷ്വേ തൗങ് യാനിലെ താമസക്കാരെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. റാഖൈന്‍ സ്റ്റേറ്റിലെ സിറ്റ്വെയില്‍ നിന്നും പുറപ്പെട്ട് രണ്ടു ദിവസത്തിനകം മലേഷ്യയിലെത്തുന്നതിന് ലക്ഷ്യം വെച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് അയേര്‍വാഡി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബുദ്ധമത ഭൂരിപക്ഷ രാജ്യമായ മ്യാന്മറിലെ സൈനിക ഭരണകൂടത്തില്‍ നിന്നും നിരന്തരം പീഡനം ഏറ്റുവാങ്ങുന്ന റോഹിങ്ക്യന്‍ മുസ്ലിംകള് നിലവില്‍ ആറു ലക്ഷത്തോളം മാത്രമാണ് മ്യാന്മറില് അവശേഷിക്കുന്നത്. റോഹിങ്ക്യകളെ മ്യാന്മര് പൗരത്വമില്ലാത്തവരാക്കി മാറ്റിയ ഭരണകൂടം വംശീയ അക്രമങ്ങളും പീഡനങ്ങളും നടത്തുകയായിരുന്നു. തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് പലായനം ചെയ്തത്. പലരും ക്യാമ്പുകളില്‍ താമസിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ കണക്കാക്കുന്നത്.
സൈന്യത്തിന്റെ നേതൃത്വത്തിലുള്ള അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ഏഴര ലക്ഷത്തോളം റോഹിങ്ക്യകളാണ് 2017ല്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. വംശഹത്യ ഉദ്ദേശത്തോടെയാണ് റോഹിങ്ക്യന്‍ മുസ്ലിംകളെ കൂട്ടക്കൊലകളും ബലാത്സംഗങ്ങളും നടത്തിയതെന്ന് യു എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യാപകമായ അതിക്രമങ്ങളെ നിഷേധിച്ച മ്യാന്മര് റോഹിങ്ക്യന്‍ തീവ്രവാദികളുടെ ആക്രമണത്തിനുള്ള മറുപടിയാണ് തങ്ങള്‍ നടത്തിയതെന്ന വിശദീകരണമാണ് നല്‍കുന്നത്.
ബംഗ്ലാദേശിനു പുറമേ മലേഷ്യയാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനം. റോഹിങ്ക്യകളെ അഭയാര്‍ഥികളായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അനുകമ്പയോടെയാണ് കാണുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏകദേശം 630 റോഹിങ്ക്യകളാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ കടല്‍ യാത്രയ്ക്ക് ശ്രമിച്ചതെന്നാണ് യു എന്‍ എച്ച് സി ആര് കണക്കുകള്‍ പറയുന്നത്. കടല്‍ കടന്നു പോകുന്നവരില്‍ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
മ്യാന്മര് ഭരണകൂടത്തിന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ റോഹിങ്ക്യകള്‍ കടലില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ദുരന്തത്തെ കുറിച്ച് സൈനിക സര്‍ക്കാറിന്റെ വക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഏറ്റവും പുതിയ ദുരന്തം മ്യാന്മറിലും മേഖലയിലും റോഹിങ്ക്യകള്‍ അനുഭവിക്കുന്ന നിരാശാബോധമാണ് ശക്തമായി കാണിക്കുന്നതെന്ന് യു എന്‍ എച്ച് സി ആര് ഏഷ്യ ആന്റ് പസഫിക്ക് ഡയറക്ടര്‍ ഇന്ദ്രിക രത്വാട്ടെ പറഞ്ഞു.

