

ന്യൂഡല്ഹി: ഡല്ഹിയില് കടുത്ത പൊടിക്കാറ്റും മഴയും. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പതിനഞ്ചോളം വിമാനങ്ങള് വഴിതിരിച്ചു വിട്ടു. ആഭ്യന്തര- അന്തര്ദേശീയ വിമാനങ്ങളില് പലതും വൈകി.

സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകള് പാലിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതര് അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്. പിന്നാലെ ശക്തമായ മഴയും പെയ്തു. പലയിടങ്ങളിലും മൂടല്മഞ്ഞും അനുഭവപ്പെട്ടതായി റിപ്പോര്ട്ടുകള് പറയുന്നു.
മാണ്ഡി ഹൗസ്, ഡല്ഹി ഗേറ്റ് തുടങ്ങി മിക്ക സ്ഥലങ്ങളിലും ശക്തമായ കാറ്റില് മരശിഖരങ്ങള് വീണു. ഗതാഗതം പൂര്ണമായി തടസപ്പെടുകയും വാഹനങ്ങള്ക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്തു.
കാലാവസ്ഥ പെട്ടെന്ന് മാറിയതോടെ അധികൃതര് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴ, ആലിപ്പഴ വീഴ്ച, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില് 60 കിലോമീറ്ററോ ചിലസമയങ്ങളില് 80 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശുമെന്നും മുന്നറിയിപ്പില് പറയുന്നു. ആലിപ്പഴ വര്ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആളുകള് വീടിനുള്ളില് തന്നെ തുടരണമെന്നും തുറസായ സ്ഥലങ്ങളില് നില്ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.

