

ദോഹ: 2025ലെ ഫിഫ അറബ് കപ്പ് ഖത്തര്‍ മത്സരത്തിന്റെ പ്രാദേശിക സംഘാടക സമിതി ടൂര്‍ണമെന്റ് സമ്മാന ഫണ്ട് 36.5 മില്യണ്‍ യു എസ് ഡോളറിലധികമെന്ന് പ്രഖ്യാപിച്ചു. 132.9 മില്യന്‍ റിയാലിന് തുല്യമായ തുകയാണിത്.

ഫിഫ അറബ് കപ്പിനെ ആഗോളതലത്തില്‍ ഏറ്റവും അഭിമാനകരമായ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കൊപ്പം സ്ഥാപിക്കുന്നതാണ് പുതിയ സമ്മാനത്തുക.

ഈ പ്രഖ്യാപനം 2021-ല്‍ തങ്ങള്‍ വീണ്ടും ജീവസുറ്റതാക്കിയ ഫിഫ അറബ് കപ്പിന്റെ ഔന്നത്യം കൂടുതല്‍ ഉയര്‍ത്തുന്നതായും മേഖലയിലും ഭൂഖണ്ഡത്തിലും ലോകമെമ്പാടും ഫുട്‌ബോള്‍ വികസനത്തില്‍ ഖത്തറിന്റെ നേതൃപരമായ പങ്ക് ഇത് പ്രതിഫലിപ്പിക്കുന്നതായും കായിക, യുവജന മന്ത്രിയും പ്രാദേശിക സംഘാടക സമിതി ചെയര്‍മാനുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു.
2025 ഡിസംബര്‍ 1 മുതല്‍ 18 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഖത്തര്‍ ദേശീയ ദിനത്തില്‍ സമാപിക്കും. ടൂര്‍ണമെന്റിന്റെ ഫൈനല്‍ നറുക്കെടുപ്പ് മെയ് 25ന് ദോഹയില്‍ നടക്കും.

