
ദോഹ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അബു ഹമൂറിലുള്ള ഐ സി സി അശോകാ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരത്തിന് അഡ്വ. വി എസ് ജോയിയെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

പ്രമുഖ എഴുത്തുകാരി സുധാ മേനോന്‍, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോര്‍ക്ക- റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ പുരസ്‌കാരം സമ്മാനിക്കും.
യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അരാഷ്ട്രീയവാദത്തില്‍ നിന്നും അവരെ മാറ്റിയെടുക്കാനുമാണ് വി എസ് ജോയിയെ തെരഞ്ഞെടുത്തതെന്നും ഉമ്മന്‍ ചാണ്ടിയുടെ അതേ രീതിയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നതാണ് ജോയിയുടെ ശൈലിയെന്നും ഇന്‍കാസ് നേതാക്കള്‍ പറഞ്ഞു.
ജനപ്രതിനിധിയല്ലാതിരിന്നിട്ടും പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ ജാതി- മത- രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേര്‍ത്തു പിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ജോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് എന്ന് സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കൂടാതെ, പൊതുരംഗത്ത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജോയി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, പൊതുരംഗത്തേക്ക് കടന്നുവരുന്ന പുതുതലമുറക്ക് പ്രചോദനമാണെന്നും സമിതി അഭിപ്രായപ്പെട്ടു.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ വി ബോബന്‍, ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ വി എസ് അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

