
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആറാം തിയ്യതി അബുദാബിയിലേക്ക് ബോയിംഗ് 747 കാര്‍ഗോ വിമാനം പ്രത്യേക സര്‍വീസ് നടത്തും.

ചരക്കൊന്നുമില്ലാതെ കാലത്ത് എട്ട് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കാര്‍ഗോ വിമാനം 11 മണിയോടെ ഏകദേശം 12,000 പാക്കേജുകളിലായി 80,000 കിലോഗ്രാം പഴങ്ങളും പച്ചക്കറികളുമായാണ് അബൂദാബിയിലേക്ക് തിരികെ പോവുക. അങ്കമാലി ആസ്ഥാനമായ ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കിയ ഈ ചരക്കു വിമാനത്തില്‍ അബുദാബിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്കാണ് സാധനങ്ങള്‍ പോകുന്നത്.

പ്രത്യേക കാര്‍ഗോ വിമാനത്തില്‍ 10 അംഗ ക്രൂവായിരിക്കും ഉണ്ടായിരിക്കുക. കൊച്ചി- മിഡില്‍ ഈസ്റ്റ് വ്യോമ കാര്‍ഗോ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും നശിച്ചു പോകാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശ വിപണികളിലേക്ക് വേഗത്തില്‍ എത്തിക്കുന്നതിലും പ്രത്യേക സര്‍വീസ് സഹായകരമാകും.
രാവിലെ നിശ്ചയിച്ച ഷെഡ്യൂളിന് പുറമെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബായ്- കൊച്ചി റൂട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് ഇകെ532 മാര്‍ച്ച് 05ന് രാത്രി 21:40ന് ദുബായില്‍ നിന്ന് പുറപ്പെട്ട് മാര്‍ച്ച് 06ന് പുലര്‍ച്ചെ 03:00ന് കൊച്ചിയില്‍ എത്തും. തിരിച്ചുള്ള ഫ്‌ളൈറ്റ് ഇകെ533 മാര്‍ച്ച് 06ന് പുലര്‍ച്ചെ 04:30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് ദുബായ് പ്രാദേശിക സമയം രാവിലെ 07:05ന് ദുബായില്‍ എത്തിച്ചേരും.

