
ദോഹ: പശ്ചിമേഷ്യ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോകുകയാണെന്ന് മുന്നറിയിപ്പ് നല്കി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനി. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ആഗോള ഊര്‍ജ സുരക്ഷയ്ക്കും അന്താരാഷ്ട്ര സ്ഥിരതയ്ക്കും സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാനുമായി ദോഹയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മേഖലയില്‍ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുകയാണെന്നും വലിയ യുദ്ധസാധ്യത ഒഴിവാക്കാന്‍ അടിയന്തര നയതന്ത്ര ഇടപെടലും രാഷ്ട്രീയ സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മേഖല അതീവ സൂക്ഷ്മമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സഹോദര രാജ്യങ്ങളുമായും സൗഹൃദ രാഷ്ട്രങ്ങളുമായും തുടര്‍ച്ചയായ കൂടിയാലോചനകള്‍ ആവശ്യമാണ്- ശൈഖ് മുഹമ്മദ് പറഞ്ഞു. ഖത്തറും ജി സി സി രാജ്യങ്ങളും മറ്റ് പ്രാദേശിക പങ്കാളികളും തമ്മില്‍ അടുത്ത സഹകരണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന സമുദ്ര പാതകളിലെ സമ്മര്‍ദവും ഉയരുന്ന സാഹചര്യത്തിലാണ് ഖത്തറും തുര്‍ക്കിയും സംയുക്ത നിലപാട് വ്യക്തമാക്കിയത്. സൈനിക നടപടികള്‍ക്ക് പകരം നയതന്ത്ര ചര്‍ച്ചകളും മധ്യസ്ഥശ്രമങ്ങളും രാഷ്ട്രീയ സംഭാഷണങ്ങളുമാണ് പരിഹാരമെന്ന നിലപാടാണ് ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചത്.
ഹോര്‍മുസ് കടലിടുക്ക് രാഷ്ട്രീയമോ സൈനികമോ ആയ സമ്മര്‍ദ്ദ ഉപാധിയായി ഉപയോഗിക്കരുതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശക്തമായി മുന്നറിയിപ്പ് നല്കി.
ഹോര്‍മുസ് കടലിടുക്ക് ഒരു അന്താരാഷ്ട്ര സമുദ്ര പാതയാണ്. അതിനെ ഒരിക്കലും ആയുധമാക്കാന്‍ പാടില്ല- അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിസന്ധിക്കിടെ നാവിഗേഷന്‍ സ്വാതന്ത്ര്യം കൂടുതല്‍ രാഷ്ട്രീയവല്ക്കരിക്കപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഗള്‍ഫ് മേഖലയിലെ സ്ഥിരത ആഗോള സമ്പദ്വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ആശ്രയിക്കുന്ന അന്താരാഷ്ട്ര വ്യാപാരത്തിനും ഊര്‍ജ വിപണികള്‍ക്കും സൈനിക സംഘര്‍ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോള സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്ഥാന് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തറും തുര്‍ക്കിയും പിന്തുണ നല്‍കുന്നതായി ശൈഖ് മുഹമ്മദ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെ സമുദ്ര ഗതാഗതം സാധാരണ നിലയിലാക്കാനും ലക്ഷ്യമിട്ട് പാകിസ്ഥാന് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തറും തുര്‍ക്കിയും പിന്തുണക്കുന്നു- അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദിന്റെ നയതന്ത്ര ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും സംഘര്‍ഷം കുറയ്ക്കാനും സമാധാനം ഉറപ്പാക്കാനും സഹായിക്കുന്ന എല്ലാ രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി.
പ്രതിസന്ധിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഖത്തര്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ, കപ്പല്‍ ഗതാഗതം, നിക്ഷേപ പ്രവാഹം, പ്രാദേശിക വ്യാപാരം എന്നിവയില്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാന്റെ മധ്യസ്ഥ നീക്കങ്ങള്‍ക്ക് തുര്‍ക്കി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പാകിസ്ഥാന്റെ നിലപാടിനെ തങ്ങള്‍ പിന്തുണക്കുന്നതായും യുദ്ധം അവസാനിപ്പിക്കുന്നതില്‍ അവരുടെ ശ്രമങ്ങള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹകാന്‍ ഫിദാന്‍ പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്ന് സമുദ്ര ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദീര്‍ഘകാല അസ്ഥിരത മേഖലയില്‍ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
മേഖലയിലെ വേദന തങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതായും നിരവധി ജനങ്ങള്‍ അഭയാര്‍ഥികളായും കുടിയൊഴിപ്പിക്കപ്പെട്ടവരായും കഴിയുകയാണെന്നും ഗാസയിലെ സാഹചര്യം അതീവ ഗുരുതരമായ ഘട്ടത്തിലെത്തിയെന്നും ഫിദാന്‍ പറഞ്ഞു.
ഗാസയിലെ മാനുഷിക പ്രതിസന്ധിയുമായി ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദോഹയും അങ്കാറയും തമ്മിലുള്ള അടുത്ത രാഷ്ട്രീയ സഹകരണം തുടരുമെന്ന് ഇരുപക്ഷവും ആവര്‍ത്തിച്ചു. മേഖലയില്‍ അനിശ്ചിതത്വം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കി വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം തുടരുന്ന നയതന്ത്ര കൂടിയാലോചനകളുടെ ഭാഗമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
പ്രാദേശിക സുരക്ഷയും സ്ഥിരതയും സൈനിക നടപടികളിലൂടെ അല്ല, മറിച്ച് നയതന്ത്ര ഇടപെടലുകളിലൂടെയും രാഷ്ട്രീയ ചര്‍ച്ചകളിലൂടെയും മാത്രമേ സാധ്യമാകൂവെന്ന് ആവര്‍ത്തിച്ചായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

