
ദോഹ: മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള പോസ്റ്റുകളിലേക്ക് കാലങ്ങളായി ഹൈക്കമാന്റാണ് തീരുമാനം സ്വീകരിക്കാറുള്ളത് എന്നതിനാല്‍ ഹൈക്കമാന്റ് ആരെ മുഖ്യമന്ത്രിയാക്കിയാലും ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ പറഞ്ഞു. ആരാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന കാര്യത്തില്‍ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം തങ്ങള്‍ക്കെല്ലാം താത്പര്യങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പിന്നീട് മാറ്റിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമായി ചെയ്യാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകേണ്ടതുണ്ട്. നിലവിലുള്ള അന്തരീക്ഷത്തില്‍ ജനങ്ങളുടെ കാര്യങ്ങള്‍ അനാഥമായി കിടക്കുകയാണ്. അത് ദുഃഖകരവും ഖേദകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

മരണ വീടുകളില്‍ പോകുന്നതു പോയിട്ട് സ്വന്തം വീട്ടില്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണുണ്ടായിട്ടുള്ളത്.
മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ പിന്തുണ നേതാക്കളില്‍ നിന്നും എം എല്‍ എമാരില്‍ നിന്നും ലഭിച്ചിരിക്കുന്നത് കെ സി വേണുഗോപാലിനാണ്. എന്നാല്‍ വി ഡി സതീശനു വേണ്ടി ആളുകള്‍ രംഗത്തിറങ്ങിയത് കേന്ദ്രത്തിലുള്ളവരെ പ്രയാസത്തിലാക്കിയിട്ടുണ്ട്. വി ഡി സതീശന് സൃഷ്ടിച്ചെടുത്തതൊന്നുമല്ല അതെങ്കിലും അങ്ങനെ തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധ്യതയുണ്ടെന്നും സിദ്ധീഖ് പുറായില്‍ പറഞ്ഞു.
ഹൈക്കമാന്റിന് തീരുമാനമെടുക്കാന്‍ സാവകാശം കൊടുക്കാതെയുള്ള പ്രകടനങ്ങളും ഫ്ളക്സുകളുമൊക്കെ കേന്ദ്രത്തിലുള്ളവരെ പ്രയാസപ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണ്.
മുഖ്യമന്ത്രി തീരുമാനത്തിന് പിറകെ ഒറ്റയിട്ട പ്രതിഷേധങ്ങളോ അഭിപ്രായങ്ങളോ ഉയര്‍ന്നുവന്നേക്കാമെങ്കിലും ഹൈക്കമാന്റിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ നിന്നും പ്രവീണോ ജയന്തോ മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

