
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ സി സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഐ സി സി ഈദ് ബസാറും മെഹന്തി നൈറ്റും മെയ് 22, 23 തിയ്യതികളില്‍ നടക്കുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ ഐ സി സി പരിസരത്താണ് പരിപാടി ഒരുക്കുന്നത്.

കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ആഘോഷപൂര്‍ണമായ ഷോപ്പിംഗ്- സാംസ്‌കാരിക അനുഭവം സമ്മാനിക്കുന്ന പരിപാടിയില്‍ വിവിധ ഹാന്റിക്രാഫ്റ്റ്, ലെതര്‍ ഉത്പന്നങ്ങള്‍, ഇമിറ്റേഷന്‍ ജ്വല്ലറികള്‍, ഇന്ത്യന്‍ പരമ്പരാഗത റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വിവിധ ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയടങ്ങിയ സ്റ്റാളുകള്‍ ഉണ്ടാകും.

മെഹന്തി ഡിസൈനുകള്‍ ഒരുക്കുന്ന ലൈവ് ഹെന്ന സ്റ്റേഷനുകളും ബസാറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും. ഇത്തവണ 52 ജനറല്‍ സ്റ്റാളുകളും അഞ്ച് ഫുഡ് സ്റ്റാളുകളും ഒമ്പത് ഹെന്ന സ്റ്റേഷനുകളും ഒരുക്കുന്നുണ്ട്.
രണ്ട് ദിവസങ്ങളിലായി രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ചെറുകിട ഇന്ത്യന്‍ സംരംഭകര്‍ക്കും ഹോം- ബേസ്ഡ് ബിസിനസുകള്‍ക്കും അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച വേദിയായിരിക്കും പരിപാടി.
വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സാംസ്‌കാരിക കൈമാറ്റവും പ്രാദേശിക ബിസിനസുകളുടെ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റുമാരായ ശന്തനു ദേശ്പാണ്ഡെ, എബ്രഹാം ജോസഫ്, സെക്രട്ടറി അഫ്‌സല്‍ അബ്ദുല്‍ മജീദ്, കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഹെഡ് നന്ദിനി അബ്ബാഗൗനി, അഫിലിയേഷന്‍ ഹെഡ് രവീന്ദ്ര പ്രസാദ്, ഇന്‍ഹൗസ് ആക്ടിവിറ്റീസ് ഹെഡ് വെങ്കപ്പ ഭഗവതുല്ല, എക്‌സ്റ്റേണല്‍ ആക്ടിവിറ്റീസ് ഹെഡ് പര്‍വി ഷ്രോഫ്, മുന്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ എന്നിവര്‍ പങ്കെടുത്തു.

