
ദോഹ: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നല്ല പെരുമാറ്റ ശീലങ്ങളും ധാര്‍മിക മൂല്യങ്ങളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ ഫൗണ്ടേഷന് ഫോര്‍ സോഷ്യല്‍ വര്‍ക്കിന് കീഴിലുള്ള ദാം ബിഹേവിയറല്‍ ഹെല്‍ത്ത്കെയര്‍ സെന്റര്‍ ‘മോറല്‍ എക്സാംപിള്’ എന്ന പേരില്‍ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു.

വിവിധ വിദ്യാഭ്യാസ തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബോധവത്കരണ ക്ലാസുകളിലൂടെയും സംവേദനാത്മക പ്രവര്‍ത്തനങ്ങളിലൂടെയും നല്ല മാതൃക സൃഷ്ടിക്കുന്നതിന്റെയും വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിന്റെയും പ്രാധാന്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ക്യാമ്പയിന്റെ ആദ്യഘട്ട പരിപാടി അല്‍ അര്‍ഖം അക്കാദമി ഫോര്‍ ഗേള്‍സില്‍ സംഘടിപ്പിച്ചു. 273 വിദ്യാര്‍ഥിനികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
ബഹുമാനം, സഹകരണം, സത്യസന്ധത, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പരിപാടികളും പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. വിദ്യാലയങ്ങളില്‍ കൂടുതല്‍ ക്രിയാത്മകവും ഐക്യബോധമുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ധാര്‍മിക മൂല്യങ്ങളും ഉത്തരവാദിത്തബോധമുള്ള പെരുമാറ്റവും പ്രോത്സാഹിപ്പിക്കുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്നും കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്ന ധാര്‍മിക ശീലങ്ങള്‍ വളര്‍ത്തുന്നതിലും വിദ്യാലയങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ദാം സെന്ററിലെ കമ്മ്യൂണിറ്റി അവബോധ വിഭാഗം ഡയറക്ടര്‍ ഹുസൈന് അല്‍ ഹറാമി പറഞ്ഞു.
കുട്ടികളുടെയും കൗമാരക്കാരുടെയും പ്രായപരമായ വളര്‍ച്ചാ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആധുനികവും ആകര്‍ഷകവുമായ രീതികളിലൂടെ നല്ല പെരുമാറ്റ ശീലങ്ങള്‍ വളര്‍ത്തുന്ന സംവേദനാത്മക ബോധവത്കരണ പരിപാടികള്‍ നടപ്പാക്കുന്നതിന് ദാം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാമ്പയിന് കോര്‍ഡിനേറ്റര്‍ സാറ അല്‍ സുലൈതിയുടെ അഭിപ്രായത്തില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ദൈനംദിന ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നൂതന പഠനോപാധികളെയും സംവേദനാത്മക പ്രവര്‍ത്തനങ്ങളെയുമാണ് ക്യാമ്പയിന് ആശ്രയിക്കുന്നത്.
ബഹുമാനം, സഹകരണം, സത്യസന്ധത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്ന, വിവിധ പ്രായവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ ബോധവത്കരണ ഉള്ളടക്കമാണ് ക്യാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്.
ദാമിന്റെ പെരുമാറ്റ ബോധവത്കരണ പദ്ധതിയുടെ ഭാഗമായുള്ള ഈ ക്യാമ്പയിന് സെപ്റ്റംബറിലും ഒക്ടോബറിലും വീണ്ടും ആരംഭിക്കും. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ഉത്തരവാദിത്തബോധമുള്ള ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ധാര്‍മിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

