റാസ് ലഫാന്‍ അപകടം: നാല് ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക്

Web Desk
1 Min Read

ദോഹ: റാസ് ലഫാനില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ 12 ഇന്ത്യന്‍ പൗരന്മാരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

city exchange

മറ്റുള്ളവരുടെ മൃതദേഹങ്ങളും എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ബന്ധപ്പെട്ട അധികൃതരെയും എംബസി തുടര്‍ച്ചയായി വിവരങ്ങള്‍ അറിയിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ നല്‍കിയ പിന്തുണയ്ക്കും ഏകോപനത്തിനും ഖത്തര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ സമൂഹ സംഘടനകള്‍ക്കും എംബസി നന്ദി അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ആരോഗ്യനിലയും ആവശ്യമായ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -
Ad image

ഐ സി ബി എഫുമായി ചേര്‍ന്നാണ് ഇന്ത്യന്‍ എംബസി നടപടികള്‍ നിര്‍വഹിക്കുന്നത്. ദുരന്തമുണ്ടായതിന് പിന്നാലെ ഇന്ത്യന്‍ എംബസിയുടേയും ഐ സി ബി എഫിന്റേയും ഔദ്യോഗിക പ്രതിനിധികള്‍ ഖത്തറിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുമായും കമ്പനി മാനേജ്‌മെന്റുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

മലയാളിയുടെ മൃതദേഹം കോഴിക്കോട് വിമാനത്തിലും തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നുപേരുടേത് തിരുവനന്തപുരം വിമാനത്തിലുമാണ് നാട്ടിലേക്ക് അയക്കുന്നത്. മറ്റുള്ളവരുടെ ഭൗതികശരീരങ്ങള്‍ സമയക്രമം അനുസരിച്ച് വിവിധ സര്‍വീസുകളിലായി ബന്ധുക്കളുടെ അരികിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ കമ്പനി അധികൃതര്‍ അനുകൂലവും മാനുഷികവുമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഐ സി ബി എഫ് പ്രതിനിധികള്‍ പറഞ്ഞു. ഭൗതികശരീരങ്ങള്‍ എത്രയും വേഗം ജന്മനാട്ടിലേക്ക് അയക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങളും രേഖകള്‍ വേഗത്തിലാക്കുന്നതിനും കമ്പനി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും പൂര്‍ണ സഹകരണമാണ് ലഭിച്ചത്.

കടുത്ത ദുരന്തത്തില്‍ തകര്‍ന്ന കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അടിയന്തര സാഹചര്യത്തില്‍ ആവശ്യമായ എല്ലാവിധ പിന്തുണയും അതിവേഗം നല്‍കിയ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം, ഹമദ് ഹോസ്പിറ്റല്‍ അധികൃതര്‍, ഇന്ത്യന്‍ എംബസി, കമ്പനി മാനേജ്മെന്റ് എന്നിവരോടുള്ള കൃതജ്ഞത ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!