ഇത് ബറക്കത്തുള്ള നാട്; ഇവിടിനിയും നന്മകള്‍ പൂക്കും

Web Desk
3 Min Read

ചങ്കൂറ്റത്തിന്റെയും ആര്‍ജ്ജവത്തിന്റെയും നിലപാടുകളുടെയും ഇടമാണ് ഖത്തറെന്ന ചെറുരാജ്യത്തെക്കുറിച്ച് അവരെ അറിഞ്ഞവര്‍ നിഷ്പക്ഷമായി പറയുകയെന്നതുറപ്പാണ്. ആധുനിക കാലഘട്ടത്തില്‍ അണുകിടവിടാതെ, എന്നാല്‍ പരമാവധി പാരസ്പര്യത്തോടെ എങ്ങിനെ നിലകൊള്ളണമെന്ന് ഖത്തര്‍ നമ്മെ പഠിപ്പിക്കുന്നു. ഈ നാടിന്റെ ഭരണാധികാരികളും പൗരന്‍മാരും നമ്മോട് കാണിക്കുന്ന സഹിഷ്ണുതയും അതോടൊപ്പം ലോകവിഷയങ്ങളിലെ നിലപാടുകളും അവരെ എന്നും വ്യത്യസ്ഥരാക്കുകയാണ്.

city exchange

ബറക്കത്തുള്ള നാടെന്ന് നാടന്‍ മനുഷ്യര്‍ ഖത്തറിനെപ്പറ്റി പറയാറുണ്ട്. അത് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നാവാം. ഇവിടുന്നു കിട്ടുന്ന റിയാലിന്റെ പുണ്യത്തെക്കുറിച്ചാണതിലേറെയും. എണ്ണപ്പണത്തിന്റെ ചൂടും ചൂരും അറിയാന്‍ തുടങ്ങിയതു മുതലേ മലയാളികള്‍ ഈ നാട്ടിലേക്കും പ്രവാസം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുമായി പണ്ടേക്കു പണ്ടേ നല്ല ബന്ധമുറപ്പിച്ചവരായിരുന്നു ഖത്തര്‍ ഭരണാധിപര്‍.

ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രകൃതി വിഭവങ്ങളും അതിലൂടെയുള്ള വരുമാനവും ഈ കുഞ്ഞു രാജ്യത്തിനെമ്പാടുമുണ്ട്. പക്ഷേ അത് തങ്ങളുടെ മാത്രം സുഖലോലുപതയുടെ പതഞ്ഞാട്ടത്തിന് ഉപയോഗിച്ചവരല്ല ഖത്തരികള്‍. ലോകത്ത് എവിടെ ദുരിതജനതയുണ്ടോ അവര്‍ക്കെല്ലാം ഖത്തറിന്റെ കൈത്താങ്ങുകള്‍ ലഭ്യമായിട്ടുണ്ട്. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി മനുഷ്യര്‍ക്ക് അന്നവും അത്താണിയുമാണ് ഈ രാജ്യം. വലുപ്പം കൊണ്ട് ലോക രാജ്യങ്ങളില്‍ 158-ാം സ്ഥാനത്താണ് ഖത്തറെങ്കിലും മനുഷ്യപ്പറ്റില്‍ നമ്പര്‍ വണ്ണാണവര്‍.
കേരളത്തിന് ഖത്തറിനേക്കാള്‍ രണ്ടിരട്ടിയിലേറെ വലുപ്പമുണ്ട്. 2001 നവംബറില്‍ ലോക വ്യാപാര സംഘടനയുടെ സമ്മേളനം, 2006 ഡിസംബറില്‍ ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസ് നടത്തിയ രാജ്യം എന്നതിനേക്കാളെല്ലാമുപരി ഇപ്പോഴിതാ ലോകകപ്പിന് വേദിയൊരുക്കുന്ന ആദ്യ പശ്ചിമേഷ്യന്‍ രാജ്യമെന്ന പദവിയും അവര്‍ നേടാന്‍ പോകുന്നു.

- Advertisement -
Ad image

1971ലാണ് ബ്രിട്ടനില്‍ നിന്ന് ഖത്തര്‍ സ്വാതന്ത്ര്യം നേടിയത്. 1995നുശേഷം ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീറായി സ്ഥാനമേറ്റ ശേഷമാണ് ഈ നാടിന്റെ യശസ്സ് പതിന്‍മടങ്ങായി ഉയര്‍ന്നത്. ഫലസ്തീന്‍ വിഷയം, ആഫ്രിക്കന്‍ രാജ്യങ്ങളിലെ തര്‍ക്കങ്ങള്‍ എന്നുവേണ്ട ഏറ്റവും ഒടുവിലായി അഫ്ഗാന്‍ വിഷയത്തിലും സമാധാനത്തിന്റെയും സന്ധിയുടെയും രജതരേഖകള്‍ തീര്‍ക്കാന്‍ ഖത്തറിനായി. ഗസ്സക്കെതിരെ സയണിസ്റ്റ് സൈന്യം നടത്തിയ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് ഈജിപ്തിനോടൊപ്പം ചുക്കാന്‍ പിടിച്ചത് ഖത്തറാണ്. ഫലസ്തീന്‍ സംഘടനകളായ ഹമാസും ഫതഹും തമ്മിലുള്ള തര്‍ക്കങ്ങളിലും ഖത്തര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയുണ്ടായി.

അമേരിക്കയുടെ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചില സഹോദര രാജ്യങ്ങള്‍ തയ്യാറായപ്പോഴും കിഴക്കന്‍ ജറൂസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാകുന്നതുവരെ ഇസ്രാഈലുമായി ബാന്ധവമുണ്ടാകില്ലെന്ന് പരസ്യമായ നിലപാടെടുത്ത ഖത്തര്‍ എന്നും തല ഉയര്‍ത്തി നില്‍ക്കുകയാണ്.

മാധ്യമ പ്രവര്‍ത്തന രംഗത്ത് അല്‍ ജസീറ ചാനല്‍ തീര്‍ത്ത വിപ്ലവം ലോകത്തിനു മറക്കാനാവില്ല. അല്‍ ജസീറയുട പ്രയാണം ഖത്തറിന്റെ അന്താരാഷ്ട്ര ബന്ധങ്ങളെ ഏറെ സഹായകമാക്കിയിട്ടുണ്ട്. 1996ലാണ് ഖത്തര്‍ അല്‍ ജസീറ അറബിക് ചാനല്‍ ആരംഭിക്കുന്നത്. പത്തു വര്‍ഷത്തിനുശേഷം 2006ല്‍ അല്‍ ജസീറ ഇംഗ്ലീഷും ആരംഭിച്ചു. ലോക മാധ്യമ ഭീമന്‍മാര്‍ തമസ്‌കരിക്കാന്‍ ശ്രമിച്ച പലതും സത്യസന്ധമായി പുറത്തുകൊണ്ടുവാന്‍ സാധിച്ചതില്‍ അല്‍ജസീറയ്ക്കും ഖത്തറിനും അഭിമാനിക്കാം.

ഒടുക്കം ചില രാഷ്ട്രീയ കാരണങ്ങളാല്‍ അയല്‍ക്കാര്‍ ഉപരോധത്തിന്റെ കനത്ത മതിലുകള്‍ കെട്ടി ഉയര്‍ത്തിയപ്പോഴും ചങ്കൂറ്റത്തോടെ അതിനെയെല്ലാം തരണം ചെയ്ത് ഒരു യുവ ഭരണാധികാരി നെഞ്ചുറപ്പോടെ നമ്മുടെ മുന്നിലൂടെ കടന്നുപോയതിനും കാലം സാക്ഷിയായി. ഈ നാടും ഇവിടുത്തെ ജനങ്ങളും കാണിച്ച പക്വതയും ആത്മസംയമനവും ശത്രുക്കള്‍ക്കു പോലും അസൂയയുണ്ടാക്കുന്ന വിധമായിരുന്നു.

ഈ ഭൂമികയുടെ ഉയിര്‍പ്പില്‍ മലയാളി പ്രവാസികളുടെയും വിയര്‍പ്പുണ്ട്. ഈ അന്നദാതാക്കള്‍ക്കൊപ്പം ജീവിതത്തിന്റെ പുഷ്‌ക്കലകാലം തീര്‍ത്തും ഈ മണ്ണില്‍ കഴിഞ്ഞ അനേകരുണ്ട്. അവരുടെതു കൂടിയാണീ രാജ്യം. ഖത്തര്‍ നമ്മുടെതു കൂടിയാണ്. ഈ ബന്ധവും സ്നേഹവും കാലാതിവര്‍ത്തിയായിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം.

ഡിസംബറിന്റെ തണുത്ത നാളുകളില്‍ ആഘോഷങ്ങള്‍ക്ക് ഊഷ്മളതയേകി നമുക്ക് പരസ്പരം ആശ്ലേഷിക്കാം.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് ചേരാപുരം സ്വദേശി. വര്‍ത്തമാനം, തേജസ്, സുപ്രഭാതം ദിനപത്രങ്ങളില്‍ ജോലി ചെയ്തു. ഖത്തറില്‍ വര്‍ത്തമാനം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. ഇപ്പോള്‍ യു എ ഇയിലെ ദുബൈയില്‍ ജോലി ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!