
ദോഹ: അന്തരിച്ച പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ കൊട്ടാരത്തില്‍ അനുശോചനം സ്വീകരിച്ചു.

ശൈഖുമാര്‍, മന്ത്രിമാര്‍, പ്രമുഖ വ്യക്തികള്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തറില്‍ അംഗീകാരമുള്ള നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ അമീറിനെ സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന്റെ ആദരണീയനായ നേതാവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അവര്‍, പരലോകസ്ഥനായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിക്ക് അല്ലാഹു അഗാധമായ കാരുണ്യം ചൊരിയുകയും സ്വര്‍ഗത്തില്‍ ശാശ്വത വിശ്രമം നല്‍കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ഥിച്ചു.


അനുശോചന ചടങ്ങില്‍ ഉപഅമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം എന്നിവരും പങ്കെടുത്തു.
അന്തരിച്ച പിതൃ അമീറിന്റെ പുത്രന്മാരും നിരവധി ശൈഖുമാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

