
ദോഹ: സൂഖ് വാഖിഫില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ മാംഗോ ഫെസ്റ്റിവല്‍ 2026 സമാപിച്ചു. വന്‍ ജനാവലിയാണ് മാംഗോ ഫെസ്റ്റ് കാണാനും വ്യത്യസ്തയിനം മാങ്ങകള്‍ വാങ്ങാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സൂഖ് വാഖിഫില്‍ എത്തിച്ചേര്‍ന്നത്. സൂഖ് വാഖിഫുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ ബി പി സി) ഖത്തറുമാണ് മാംഗോ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

ജൂണ്‍ 18 മുതല്‍ 27 വരെയാണ് മാംഗോ ഫെസ്റ്റ് അരങ്ങേറിയത്. പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ കടുത്ത ചൂടിനെയും വകവെക്കാതെയാണ് പതിനായിരങ്ങള്‍ മാംഗോ ഫെസ്റ്റിന് എത്തിച്ചേര്‍ന്നത്. ഇന്ത്യക്കാര്‍ക്കും ഖത്തരികള്‍ക്കും പുറമേ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും ഇന്ത്യന്‍ മാംഗോ ഫെസ്റ്റിന് എത്തിച്ചേര്‍ന്നിരുന്നു. ഒന്നര ലക്ഷത്തോളം കിലോഗ്രാം മാങ്ങയാണ് വില്‍പ്പന നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മികച്ച രീതിയില്‍ ബിസിനസ് നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു. സ്റ്റാളുകള്‍ സൗജന്യമായി അനുവദിച്ചതും കച്ചവടക്കാര്‍ക്ക് സൗകര്യമായി. മാംഗോ ഫെസ്റ്റിവലില്‍ വ്യത്യസ്ത ഇനം മാങ്ങകളോടൊപ്പം മാങ്ങകൊണ്ടുള്ള ഭക്ഷണ വിഭവങ്ങളും ജ്യൂസുകളും ഐസ്‌ക്രീമുകളുമായി ഫുഡ് കോര്‍ട്ടും സജ്ജമാക്കിയിരുന്നു.
ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളായ ലുലു, സഫാരി, ഗ്രാന്റ്മാള്‍, റീട്ടയില്‍ മാള്‍, ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റവാബി തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിരുന്നു.

