
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഭാരത് ഉത്സവ് 2026 ഇന്ത്യ ഫെസ്റ്റിവല്‍ ഇന്ത്യയുടെ സമൃദ്ധവും വൈവിധ്യമാര്‍ന്നതുമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്ന വന്‍ പരിപാടിയായി അരങ്ങേറും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മഹാസാംസ്‌കാരിക മേള ജനുവരി 22, 23 തിയ്യതികളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 11 വരെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ പ്രധാന ആകര്‍ഷണമായി പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായകന്‍ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീത കച്ചേരി ഉണ്ടായിരിക്കും. ആത്മസ്പര്‍ശിയായ ഗാനശൈലിക്കും വിവിധ ഭാഷകളിലുടനീളമുള്ള സംഗീത വൈവിധ്യത്തിനും പ്രശസ്തനായ ശ്രീനിവാസിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത സംഗീതാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ഐ സി സി സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ് ഫിനാലെ ഭാരത് ഉത്സവ് 2026-ന്റെ മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. 2026 ജനുവരി 22-ന് നടക്കുന്ന ഈ പ്രൗഢഗംഭീരമായ അന്തിമ മത്സരത്തിലൂടെ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ മികച്ച ഗായകപ്രതിഭകളെ കണ്ടെത്തുകയും ആദരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 2025 ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിച്ച മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ പ്രശസ്ത ഗായകന്‍ ശ്രീനിവാസന്‍ ദോരൈസ്വാമി ഉള്‍പ്പെടുന്ന പ്രമുഖ വിധികര്‍ത്തൃ സമിതിയാണ് വിലയിരുത്തുക.
വര്‍ഷത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഭാരത് ഉത്സവ് 2026 ഇന്ത്യ- ഖത്തര്‍ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയിലെ ഐക്യവും ബന്ധവും ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാനായി ലൈവ് ഓര്‍ക്കസ്ട്ര, ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍, ഗ്രൂപ്പ് ഡാന്‍സ് ഉള്‍പ്പെടെയുള്ള വര്‍ണാഭമായ സാംസ്‌കാരിക പരിപാടികള്‍
കേരളത്തിന്റെ തിരുവാതിര, തമിഴ്നാട്ടിലെ ആട്ടം, തെലുങ്ക് നൃത്തശൈലികള്‍, ഗുജറാത്തിന്റെ ഗര്‍ബ (ദാണ്ഡിയ) എന്നിവ കോര്‍ത്തിണക്കുന്ന ഫ്യൂഷന്‍ ഡാന്‍സ്, പരമ്പരാഗത വേഷങ്ങള്‍, സംഗീതം, നാടോടിക്കലകള്‍ എന്നിവ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരേഡ് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കള്‍ച്ചറല്‍ പവലിയനുകള്‍,
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹിക ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയന്‍, ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വില്‍ക്കുന്ന ബസാര്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കുന്ന ഫുഡ് കോര്‍ട്ട് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ പൂര്‍ണ പിന്തുണയോടെയും സജീവ പങ്കാളിത്തത്തോടെയുമാണ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
പരിപാടി അവിസ്മരണീയമാക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസി കൗണ്‍സലര്‍ ഡോ. വൈഭവ് തണ്ഡാലേ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി സി വൈസ് പ്രസിഡന്റ് ശാന്തം ദേശ്പാണ്ഡെ, സംഘാടക സമിതി അംഗം മനുസജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

