
ദോഹ: ഖത്തര്‍ ഔഖാഫ് (എന്‍ഡോവ്മെന്റ്സ്) – ഇസ്ലാമികകാര്യ മന്ത്രാലയം രാജ്യത്തെ ആദ്യ സ്മാര്‍ട്ട് മസ്ജിദായ ഖൈസ് ബിന്‍ സഅദ് ബിന്‍ ഉബാദ മസ്ജിദ് മുഐഥര് പ്രദേശത്ത് ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളും സംയോജിപ്പിച്ചാണ് മസ്ജിദ് സജ്ജീകരിച്ചിരിക്കുന്നത്.

മസ്ജിദുകളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കാലാനുസൃതമായി നവീകരിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. നഗരവികസനത്തിനും ജനസംഖ്യാ വര്‍ധനവിനും അനുസരിച്ച് പുതിയ പാര്‍പ്പിട മേഖലകളില്‍ കൂടുതല്‍ മസ്ജിദുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായും ഇത് നടപ്പാക്കുന്നതായി മന്ത്രാലയം അറിയിച്ചു.

ആധുനിക സാങ്കേതികവിദ്യകളുടെ സമന്വയം
ഊര്‍ജ- ജല ഉപഭോഗം കാര്യക്ഷമമാക്കുന്ന സ്മാര്‍ട്ട് നിയന്ത്രണ സംവിധാനങ്ങളാണ് മസ്ജിദിന്റെ പ്രധാന പ്രത്യേകത. വൈദ്യുതിയും വെള്ളവും പാഴാകുന്നത് കുറയ്ക്കുന്നതിനൊപ്പം വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
സൗരോര്‍ജം ഉപയോഗിച്ചാണ് മസ്ജിദിലെ എയര്‍ കണ്ടീഷനിങ്, ലൈറ്റിങ് സംവിധാനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിലൂടെ പരമ്പരാഗത ഊര്‍ജസ്രോതസുകളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയുമെന്ന് അധികൃതര്‍ അറിയിച്ചു.
വുദൂ നിര്‍വഹണത്തിനുശേഷം ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ശൗചാലയ ആവശ്യങ്ങള്‍ക്കും മസ്ജിദ് പരിസരത്തെ പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതിനുമായി പുനരുപയോഗിക്കുന്ന പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ സംവിധാനം പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഹരിതമേഖലകള്‍ വികസിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ സ്മാര്‍ട്ട് മസ്ജിദുകള്‍ വരും
സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ പദ്ധതി യാഥാര്‍ഥ്യമായതെന്ന് ഔഖാഫ് മന്ത്രാലയത്തിലെ ദഅ്വാ- മസ്ജിദ് കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി പറഞ്ഞു.
സ്മാര്‍ട്ട് സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യകളും മസ്ജിദ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇത്തരം പങ്കാളിത്തങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും നിര്‍മാണത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഇതിലൂടെ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സ്മാര്‍ട്ട് മസ്ജിദുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി അടുത്ത ഘട്ടത്തില്‍ നടപ്പാക്കുമെന്നും നഗരവികസനത്തിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും അനുസൃതമായ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും അല്‍ കുവാരി വ്യക്തമാക്കി.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030നൊപ്പം
2025- 2030 കാലയളവിലേക്കുള്ള ഔഖാഫ് മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്. മസ്ജിദുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, മതസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യയും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ഈ സ്മാര്‍ട്ട് മസ്ജിദ്, വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ ആരാധനാനുഭവം ഒരുക്കുന്നതിനൊപ്പം ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 മുന്നോട്ടുവയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും കരുത്തേകുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

