
ദോഹ: അന്താരാഷ്ട്ര പാഡല്‍ ഫെഡറേഷന് (ഫിപ്) 2026, 2028 വര്‍ഷങ്ങളിലെ ഫിപ് ലോകകപ്പ് പാഡല്‍ ടൂര്‍ണമെന്റുകള്‍ക്ക് ദോഹയെ വേദിയായി പ്രഖ്യാപിച്ചു. ദേശീയ ടീമുകള്‍ തമ്മിലുള്ള പാഡലിലെ ഏറ്റവും അഭിമാനകരമായ മത്സരമായ ഈ ടൂര്‍ണമെന്റുകള്‍ ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സില്‍ നടക്കും.

സമീപ വര്‍ഷങ്ങളില്‍ ഖത്തര്‍ മേജര്‍ പ്രീമിയര്‍ പാഡല്‍ ടൂര്‍ണമെന്റിനും ലോക ടീം ചാമ്പ്യന്‍ഷിപ്പിനും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര പാഡല്‍ മത്സരങ്ങള്‍ക്ക് വേദിയായ ഖലീഫ കോംപ്ലക്സ് ലോകോത്തര കായിക സൗകര്യങ്ങളാല്‍ ശ്രദ്ധേയമാണ്. 2026, 2028 പതിപ്പുകളില്‍ പുരുഷ- വനിതാ വിഭാഗങ്ങളിലായി 16 വീതം ദേശീയ ടീമുകള്‍ ലോക കിരീടത്തിനായി മാറ്റുരക്കും. ഔദ്യോഗിക കലണ്ടര്‍ പ്രകാരം 2026-ലെ മത്സരം നവംബര്‍ 2 മുതല്‍ 7 വരെയാണ് നടക്കുക.

ദോഹയ്ക്ക് ആതിഥേയത്വം നല്‍കാനുള്ള തീരുമാനം ലോകോത്തര കായിക അടിസ്ഥാനസൗകര്യങ്ങള്‍, താരങ്ങള്‍ക്കും ദേശീയ ടീമുകള്‍ക്കും ഒരുക്കുന്ന മികച്ച സൗകര്യങ്ങള്‍, വലിയ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിച്ച അനുഭവസമ്പത്ത്, ഉയര്‍ന്ന സുരക്ഷാ നിലവാരം, സാമ്പത്തിക ഉറപ്പുകള്‍, ഖത്തര്‍ കായികരംഗത്ത് സൃഷ്ടിച്ച ശക്തമായ പാരമ്പര്യം എന്നിവ വിലയിരുത്തിയ ശേഷമാണ് എടുത്തതെന്ന് എഫ്ഐപി അറിയിച്ചു.
ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തും. 2026-ല്‍ ആകെ 12 ലക്ഷം യൂറോ സമ്മാനമായി വിതരണം ചെയ്യുമ്പോള്‍ 2028-ല്‍ ഇത് 13.5 ലക്ഷം യൂറോയായി ഉയരും. പുരുഷ- വനിതാ വിഭാഗങ്ങള്‍ക്കിടയില്‍ തുല്യമായാണ് സമ്മാനത്തുക വിതരണം ചെയ്യുക. ഔദ്യോഗിക പാഡല്‍ മത്സര ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിതെന്ന് എഫ്ഐപി വ്യക്തമാക്കി.
എഫ്ഐപി പ്രസിഡന്റ് ല്വിഗി കരാരോ ദോഹയ്ക്ക് തുടര്‍ച്ചയായി രണ്ട് ലോകകപ്പ് പതിപ്പുകള്‍ അനുവദിച്ചത് പാഡലിന്റെ ഭാവി വളര്‍ച്ചയെ ലക്ഷ്യമിട്ടുള്ള തീരുമാനമാണെന്ന് പറഞ്ഞു. ലോകോത്തര ടൂര്‍ണമെന്റുകള്‍ വിജയകരമായി സംഘടിപ്പിക്കാനുള്ള എല്ലാ ശേഷിയും ഖത്തര്‍ ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടെന്നും തുടര്‍ച്ചയായ രണ്ട് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് താരങ്ങള്‍ക്കും ദേശീയ ഫെഡറേഷനുകള്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം ഒരുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ പാഡല്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ താരീഖ് സൈനല്‍ 2026, 2028 ഫിപ് ലോകകപ്പുകളുടെ വേദിയായി ദോഹയെ തെരഞ്ഞെടുത്തത് വലിയ അംഗീകാരമാണെന്ന് പ്രതികരിച്ചു. ഇതിനുമുമ്പും ലോകചാമ്പ്യന്‍ഷിപ്പിന് വേദിയായ ഖത്തറിന് വീണ്ടും ഈ ഉത്തരവാദിത്തം ലഭിച്ചത് രാജ്യത്തിന്റെ സംഘാടന മികവിനുള്ള അന്താരാഷ്ട്ര അംഗീകാരമാണെന്നും ലോകമെമ്പാടുമുള്ള താരങ്ങള്‍ക്കും ടീമുകള്‍ക്കും ആരാധകര്‍ക്കും മികച്ച അനുഭവം ഒരുക്കാന്‍ എല്ലാ ഒരുക്കങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

