
ഡാലസ്: പകരക്കാരനായി ഇറങ്ങിയ മിക്കല്‍ മെറിനോയുടെ അവസാന നിമിഷ ഗോള്‍ മികവില്‍ ബെല്‍ജിയത്തെ 2-1ന് തോല്‍പ്പിച്ച സ്പെയിന് ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.

88-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടഞ്ഞുവിട്ട പന്ത് സ്വന്തമാക്കി മെറിനോ വലയിലെത്തിച്ചതോടെയാണ് സ്പെയിന് വിജയഗോള്‍ കണ്ടെത്തിയത്. 86-ാം മിനിറ്റില്‍ കളത്തിലിറങ്ങിയ മെറിനോയുടെ മത്സരത്തിലെ രണ്ടാം ടച്ചാണ് ഗോളായി മാറിയത്. ഇതോടെ ചൊവ്വാഴ്ച ഡാലസില്‍ നടക്കുന്ന സെമിയില്‍ സ്പെയിന് ടൂര്‍ണമെന്റിലെ കരുത്തരായ ഫ്രാന്‍സിനെ നേരിടും.

പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഇന്‍ജുറി ടൈമില്‍ പകരക്കാരനായെത്തി നേടിയ ഗോളിലൂടെയാണ് മെറിനോ സ്പെയിനിന് 1-0ന്റെ ജയം സമ്മാനിച്ചതും ശ്രദ്ധേയമാണ്.
30-ാം മിനിറ്റില്‍ ഫാബിയന്‍ റൂയിസാണ് സ്പെയിനിനായി ആദ്യ ഗോള്‍ നേടിയത്. പെഡ്രോ പോറോയുടെ ക്രോസില്‍ നിന്ന് ഡാനി ഒല്‍മോ നടത്തിയ ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോയിസ് തട്ടിയകറ്റിയെങ്കിലും തിരിച്ചുവന്ന പന്ത് റൂയിസ് വലയിലാക്കി.
എന്നാല്‍ 41-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റാനെയുടെ ക്രോസില്‍ നിന്ന് ചാള്‍സ് ഡി കെറ്റലെയറെയുടെ ഹെഡറിലൂടെ ബെല്‍ജിയം സമനില പിടിച്ചു. ഈ ഗോളോടെ ലോകകപ്പില്‍ സ്പെയിന് വഴങ്ങിയ ആദ്യ ഗോളും 649 മിനിറ്റ് നീണ്ട ഗോള്‍ വഴങ്ങാതിരുന്ന അവരുടെ റെക്കോഡ് പരമ്പരയും അവസാനിച്ചു.
71-ാം മിനിറ്റില്‍ തുടയിലെ പരിക്കിനെ തുടര്‍ന്ന് കുര്‍ട്ടോയിസ് കളംവിട്ടതിനെ തുടര്‍ന്ന് പകരക്കാരന് സെന്നെ ലാമെന്സാണ് ബെല്‍ജിയം വല കാത്തത്. അവസാന നിമിഷങ്ങളില്‍ സമനിലക്കായി ബെല്‍ജിയം ശക്തമായി ശ്രമിച്ചെങ്കിലും അയ്മെറിക് ലാപോര്‍ട്ടിന്റെ വോളി ലക്ഷ്യം കണ്ടില്ല. അതോടെ സ്പെയിന് 2-1ന്റെ വിജയത്തോടെ സെമിഫൈനലിലേക്ക് മുന്നേറി.

