ഹോര്‍മുസ് താത്ക്കാലികമായി അടച്ചെന്ന് ഇറാന്‍; മൂന്നാംഘട്ട ആക്രമണം നടത്തി യു എസ്

Web Desk
2 Min Read

തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച സൈപ്രസ് പതാകയുള്ള ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് ഈ ആഴ്ച മൂന്നാംഘട്ട വ്യോമാക്രമണം ഇറാനെതിരെ നടത്തിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

city exchange

ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിറിക്, ചബഹാര്‍, ബന്ദര്‍-എ-ദെയര്‍, അസലൂയെ എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്ക് താത്ക്കാലികമായി അടച്ചതായി പ്രഖ്യാപിച്ച ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) അംഗീകാരമില്ലാത്ത പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച കപ്പലിന് മുന്നറിയിപ്പായി വെടിയുതിര്‍ത്തതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ ആക്രമണം.

ഇറാനിലെ ബുഷെഹര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ ആക്രമണം തുടരുന്നതിനിടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ ആര്‍ ഐ ബി റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -
Ad image

പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി കുറഞ്ഞത് 12 സ്‌ഫോടനങ്ങളെങ്കിലും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. തുറമുഖ നഗരമായ ബന്ദര്‍-എ-ദെയറില്‍ അഞ്ച് സ്‌ഫോടനങ്ങളും അസലൂയെയില്‍ നാല് സ്‌ഫോടനങ്ങളും ബുഷെഹര്‍ നഗരത്തില്‍ മൂന്ന് സ്‌ഫോടനങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍- ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ പിതാവ് അലി ഖംനേയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമേനി പ്രഖ്യാപിച്ചു. ‘പ്രതികാരം നമ്മുടെ രാഷ്ട്രത്തിന്റെ ദൃഢനിശ്ചയമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) നാവികസേന പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ചില കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പായി വെടിയുതിര്‍ത്തതായും അതില്‍ ഒരു കപ്പലിന് ആഘാതമേറ്റതിനെ തുടര്‍ന്ന് യാത്ര നിര്‍ത്തേണ്ടിവന്നതായും ഐ ആര്‍ ജി സി ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കയുടെ പ്രാദേശിക ഇടപെടലുകള്‍ അവസാനിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഇനിയൊരു കപ്പലിനെയും ഇതുവഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനെതിരെ പുതിയ ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും മേഖലയിലെ ശത്രുരാജ്യങ്ങളുടെ പുതിയ സൈനിക താവളങ്ങളും ലക്ഷ്യമിടുമെന്നും ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കി. ഈ പ്രഖ്യാപനം ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ ആര്‍ ഐ ബി സംപ്രേഷണം ചെയ്തു. സംഭവത്തെ മറയാക്കി എതിരാളികള്‍ ഏതെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അതിനും കടുത്ത മറുപടി നല്‍കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് കപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി ഒമാന്റെ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദിയുമായി മസ്‌കറ്റില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടക്കാല ധാരണയുടെ ഭാഗമായി കടല്‍ ഗതാഗതം സുരക്ഷിതമായി തുടരാനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും പരിഗണിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചാല്‍ രാജ്യം ‘പൂര്‍ണമായും തകര്‍ക്കാന്‍’ ആയിരം മിസൈലുകള്‍ സജ്ജമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇറാനിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!