Business
പ്രവാസികള്‍ക്ക് പ്രത്യേക ചിട്ടി പദ്ധതിയുമായി കെ എസ് എഫ് ഇ
ദോഹ: പ്രവാസികള്‍ക്ക് ചിട്ടിയില്‍ ചേരാനുള്ള പ്രത്യേക പദ്ധതി കെ എസ് എഫ് ഇ തുടക്കമിട്ടതായി കേരള ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെ എസ് എഫ് ഇ പദ്ധതികളുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയതായിരുന്നു അദ്ദേഹം.
സമ്പാദ്യമായി ചിട്ടിയില്‍ ചേരുകയും ചിട്ടി പിടിക്കുകയും ചെയ്യുകയെന്നത് മലയാളിയുടെ ശീലമാണെന്നും ഓണ്‍ലൈനായി അവ നിര്‍വഹിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് കെ എസ് എഫ് ഇ നടപ്പാക്കുന്നതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ചിട്ടിയില്‍ ചേരാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ നടത്തിയ പരിപാടിയില്‍ സംബന്ധിക്കാനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ദോഹയിലെത്തിയത്. ജി സി സി രാജ്യങ്ങളിലെല്ലാം കെ എസ് എഫ് ഇ ടീം സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കെ എസ് എഫ് ഇയെ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണമുള്ള രീതിയിലാക്കാനാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ചിട്ടിയില്‍ ചേരാന്‍ പദ്ധതി ആരംഭിച്ചത്. ലോകത്തിലെ 121 രാജ്യങ്ങളിലുള്ള മലയാളികള്‍ പ്രവാസി ചിട്ടിയില്‍ ഇതിനകം ചേര്‍ന്നിട്ടുണ്ടെന്നത് പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.