

ദോഹ: കേരള ബിസിനസ് ഫോറം ഓണം 2024 ആഘോഷിച്ചു. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ഉത്സവമേളത്തില്‍ ആയിരത്തിനടുത്തു ആളുകള്‍ പങ്കെടുത്തു.

കെ ബി എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാഥിതിയായിരുന്നു. ഉദ്ഘാടനം നിര്‍വഹിച്ച ഇന്ത്യന്‍ അംബാസഡര്‍ ഓണം മലയാളികളുടെ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും പ്രതീകമാണെന്ന് കൂട്ടിച്ചേര്‍ത്തു

കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും നിറഞ്ഞ ഓണാഘോഷ പരിപാടികളില്‍ ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഇ പി, കെ ബി എഫ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ രാമകൃഷ്ണന്‍, കെ ബി എഫ് മുന്‍ പ്രസിഡന്റുമാരായ അബ്ദുല്ല തെരുവത്, ജയരാജ്, ഡോ. മോഹന്‍ തോമസ് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.
ഖത്തര്‍ പെര്‍മനെന്റ് റെസിഡന്‍സി കരസ്ഥമാക്കിയ കെ ബി എഫ് അംഗങ്ങള്‍ ഡോ. വി വി ഹംസ, ഡോ. അബ്ദുല്‍ റഹ്മാന്‍ കരിഞ്ചോല, ഐ ബി പി സിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണന്‍, റോണി പോള്‍ എന്നിവരെ ആദരിച്ചു
പൂക്കള മത്സരം, വടംവലി, തിരുവാതിര, ചെണ്ടമേളം, വള്ളപ്പാട്ട്, ഉറിയടി തുടങ്ങിയ പരമ്പരാഗത പരിപാടികള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആവേശഭരിതരാക്കി. പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും നൃത്തശില്പങ്ങളും കായിക പരിപാടികളോട് കൂടിയ ഒത്തുചേര്‍ന്ന ആഘോഷം മികവുറ്റതാക്കി. കൊച്ചുമക്കളുടെ ഓണകളികളും നൃത്തവും ശ്രദ്ധയാകര്‍ഷിച്ചു. സംഗീതരാവും സാംസ്‌കാരിക പരിപാടികളും കെ ബി എഫ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്കുള്ള പ്രത്യേക സമ്മാന വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായിരുന്നു.
നാടന്‍ പാട്ടോടു കൂടി അവസാനിച്ച ഓണം ആഘോഷങ്ങള്‍ക്ക് പൊന്നോണം കണ്‍വീനര്‍ ഷംസീര്‍ ഹംസ, അജയ് പുത്തൂര്‍, ബിജു സി കെ എന്നിവര്‍ നേതൃത്വം നല്‍കി.

