ഇറാനെതിരായ സൈനിക നടപടിയില്‍ ഖത്തര്‍ പങ്കെടുത്തെന്ന ഇസ്രായേലിന്റെ വ്യാജ വാര്‍ത്തകള്‍ തള്ളി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇറാനെതിരായ സൈനിക നടപടിയില്‍ ഖത്തര്‍ പങ്കെടുക്കാന്‍ സമ്മതിച്ചുവെന്ന ഇസ്രായേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ ശക്തമായി തള്ളി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ഖത്തറിന്റെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസ് വ്യക്തമാക്കി.

city exchange

ഖത്തറിനെ നിലവിലെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുക, മധ്യസ്ഥതയില്‍ രാജ്യം വഹിക്കുന്ന നിര്‍ണായക പങ്കിനെ ദുര്‍ബലപ്പെടുത്തുക, മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ഓഫീസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സംഘര്‍ഷം ആരംഭിച്ചതു മുതല്‍ തന്നെ ഖത്തര്‍ ഒരു അയല്‍രാജ്യത്തിനെതിരെയും സൈനിക നടപടികളില്‍ പങ്കെടുത്തിട്ടില്ലെന്നും ഭാവിയിലും അത്തരം നടപടികളില്‍ പങ്കെടുക്കില്ലെന്നും ഖത്തര്‍ അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ സംഘര്‍ഷത്തിന് അറുതി വരുത്താനുള്ള ഖത്തറിന്റെ സജീവ നയതന്ത്ര ശ്രമങ്ങളെ ബാധിക്കില്ലെന്നും ഓഫീസ് വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും ആശങ്കകള്‍ പരിഹരിക്കുന്ന സമഗ്രവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ധാരണയിലെത്തുന്നതിനായി പ്രാദേശികവും അന്തര്‍ദേശീയവുമായ പങ്കാളികളുമായി സഹകരിച്ച് ഖത്തര്‍ തന്റെ മധ്യസ്ഥശ്രമങ്ങള്‍ തുടരുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!