
ദോഹ: ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവയ്ക്കുനേരെ ഇറാന്‍ ആവര്‍ത്തിച്ച് നടത്തിയ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങള്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് ഖത്തര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, യാതൊരു ന്യായീകരണവുമില്ലാത്ത ഇത്തരം ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളില്‍ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സംവാദം, നയതന്ത്രം, സംഘര്‍ഷലഘൂകരണം എന്നിവയുടെ പാതയില്‍ തുടര്‍ന്നും മുന്നോട്ടുപോകേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. അവയുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
