എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ സെപ്റ്റംബര്‍ മുതല്‍ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷ

Web Desk
2 Min Read

ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി എയര്‍ ഇന്ത്യ കുറച്ചിരുന്ന ആഭ്യന്തര- അന്തര്‍ദേശീയ സര്‍വീസുകളില്‍ ഭൂരിപക്ഷവും സെപ്റ്റംബറോടെ പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ നിപുന്‍ അഗര്‍വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പാകിസ്ഥാനിലേയും പശ്ചിമേഷ്യയിലേയും വ്യോമപാത നിയന്ത്രണങ്ങളും വിമാനങ്ങളുടെ ലഭ്യതക്കുറവും ദീര്‍ഘദൂര സര്‍വീസുകളിലെ തടസ്സങ്ങളുമാണ് എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ കുറയാന്‍ കാരണമായത്.

city exchange

ഏപ്രില്‍ മുതലാണ് എയര്‍ ഇന്ത്യയില്‍ സര്‍വീസ് നിയന്ത്രണങ്ങള്‍ വന്നത്. ജെറ്റ് ഇന്ധനവില കുറഞ്ഞതും കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നതും തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും പിന്നീട് വീണ്ടും പ്രശ്‌നകലുഷിതമാകുന്ന പശ്ചിമേഷ്യന്‍ മേഖലയുടെ അവസ്ഥ എയര്‍ ഇന്ത്യയുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കും.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) കണക്കുകള്‍ പ്രകാരം, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ അന്തര്‍ദേശീയ സര്‍വീസുകള്‍ ഏപ്രില്‍- മെയ് മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനമാണ് കുറഞ്ഞത്. ആഭ്യന്തര സര്‍വീസുകളില്‍ അഞ്ച് ശതമാനത്തോളം കുറവും രേഖപ്പെടുത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.

പാകിസ്ഥാന്‍ വ്യോമപാത അടച്ചത് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുകയാണെന്ന് അഗര്‍വാള്‍ പറഞ്ഞു. പാകിസ്ഥാന്‍ വ്യോമപാത തുറക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും സാധ്യമായിടത്തെല്ലാം സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയാണെന്നും ഇറാനും ഇറാഖും വഴിയുള്ള വ്യോമപാതകള്‍ പൂര്‍ണമായി തുറക്കുന്നത് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

പാകിസ്ഥാന്‍ വ്യോമപാത അടച്ചതും പശ്ചിമേഷ്യയിലെ സംഘര്‍ഷവും കാരണം യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നതോടെ ഇന്ധനച്ചെലവ് വര്‍ധിക്കുകയും വിമാനങ്ങളുടെ ഉപയോഗക്ഷമത കുറയുകയും ചെയ്തു.

മെയ് മാസത്തില്‍ വെട്ടിക്കുറച്ചിരുന്ന യൂറോപ്യന്‍ സര്‍വീസുകളാണ് സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ പുനഃസ്ഥാപിക്കുക. ഡല്‍ഹിയില്‍ നിന്നും പാരിസ്, കോപ്പന്‍ഹേഗന്‍, മിലാന്‍, വിയന്ന, സൂറിച്ച്, റോം എന്നീ റൂട്ടുകളിലെ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

സര്‍വീസ് കുറച്ചിരുന്ന മിക്ക റൂട്ടുകളിലും പഴയ സര്‍വീസുകള്‍ തിരിച്ചെത്തുമെന്നും ഒന്നോ രണ്ടോ റൂട്ടുകളില്‍ മാത്രമേ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുകയുള്ളുവെന്നും മൊത്തത്തില്‍ എല്ലാ സര്‍വീസുകളും പുനഃസ്ഥാപിക്കുമെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

എന്നാല്‍ ചില വടക്കേ അമേരിക്കന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം തുടര്‍ന്നേക്കും. ഷിക്കാഗോ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ബോയിംഗ് 777 വിമാനങ്ങളില്‍ കാബിന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഷിംഗ്ടണ്‍ സര്‍വീസുകളും കുറവാണ്. പഴയ ബോയിംഗ് 777-200എല്‍ ആര്‍ വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതും പുതിയ ബോയിംഗ് വിമാനങ്ങളുടെ വിതരണം വൈകുന്നതും വിമാനങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് അഗര്‍വാള്‍ പറഞ്ഞു.

വിമാനങ്ങളുടെ വിതരണത്തിലെ കാലതാമസം, ഫ്‌ളീറ്റ് നവീകരണ പദ്ധതി, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ജൂണില്‍ അഹമ്മദാബാദിന് സമീപം ബോയിംഗ് 787 വിമാനം തകര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നുള്ള കര്‍ശനമായ നിയന്ത്രണ പരിശോധനകളും കമ്പനിക്ക് അധിക സമ്മര്‍ദം സൃഷ്ടിച്ചു.

2025- 26 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്യാംപ്‌ബെല്‍ വില്‍സണ്‍ സ്ഥാനമൊഴിയാനിരിക്കുന്നതിനാല്‍ നേതൃത്വമാറ്റത്തിനും കമ്പനി തയ്യാറെടുക്കുകയാണ്.

വിമാന സര്‍വീസുകള്‍ വര്‍ധിക്കുന്നതും ഇന്ധനവില നിയന്ത്രണത്തിലാകുന്നതും വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയാന്‍ സഹായിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!