ഗൂഗിള്‍ എര്‍ത്തിന്റെ എ ഐ ക്രിയേറ്റ് ഇമേജ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ പിന്‍വലിച്ചു

Web Desk
2 Min Read

സാന്‍ ഫ്രാന്‍സിസ്‌കോ: യഥാര്‍ഥ ഉപഗ്രഹ ചിത്രങ്ങളെന്ന് തോന്നിക്കുന്ന വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിക്കാനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്ന് ഗൂഗിള്‍ എര്‍ത്തില്‍ പുതുതായി അവതരിപ്പിച്ച നിര്‍മിത ബുദ്ധി അധിഷ്ഠിത ക്രിയേറ്റീവ് ഇമേജ് ഫീച്ചര്‍ ഗൂഗ്ള്‍ താത്ക്കാലികമായി പിന്‍വലിച്ചു.

city exchange

ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് ഗവേഷകരുടെയും ജിയോസ്‌പേഷ്യല്‍ വിദഗ്ധരുടെയും പ്രതിഷേധവും പിന്‍വലിക്കിന് പിന്നിലുണ്ട്. ഗൂഗിള്‍ എര്‍ത്തും ഗൂഗിള്‍ എ ഐയും ജൂലൈ 31-ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉപഗ്രഹ ചിത്രങ്ങളും 3ഡി മാപ്പിങ് ഡാറ്റയും ടെക്സ്റ്റ് നിര്‍ദേശങ്ങളുമായി സംയോജിപ്പിച്ച് ലോകത്തിലെ ഏത് സ്ഥലത്തിന്റെയും പുതിയ ദൃശ്യാവിഷ്‌കാരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

എന്നാല്‍ ഫീച്ചര്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഗൂഗ്ള്‍ മാറിച്ചിന്തിച്ചത്. ഗൂഗ്‌ളിന്റെ നാനോ ബനാന 2 ഇമേജ് ജനറേഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍, വ്യോമദൃശ്യങ്ങള്‍, 3ഡി മാപ്പ് വിവരങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ എ ഐ സൃഷ്ടിച്ച ദൃശ്യങ്ങള്‍ ചേര്‍ക്കാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു.

എ എഫ് പി നടത്തിയ പരീക്ഷണത്തില്‍ പാരീസിലെ സ്‌ഫോടനം, ഇറാനിലെ ആണവനിലയം, റഷ്യയിലെ ബോംബാക്രമണ ഗര്‍ത്തം, സിറിയയിലെ ഐ എസ് പരിശീലന ക്യാമ്പ് തുടങ്ങിയവയുടെ വ്യാജ ഉപഗ്രഹ ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ഫീച്ചറിന് കഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

- Advertisement -
Ad image

ബംഗ്ലാദേശിലെ വെള്ളപ്പൊക്കം, അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റ ക്യാമ്പ്, അമേരിക്കയിലെ ജോര്‍ജിയ സംസ്ഥാനത്തെ സംശയാസ്പദ ഗോഡൗണ്‍ എന്നിവയുടെ വ്യാജ ചിത്രങ്ങളും എ ഐ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ 9/11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരു വിമാനമിടിച്ച് കെട്ടിടം തകര്‍ന്ന ദൃശ്യങ്ങളും ഐസ്ലന്‍ഡിന്റെ നടുവില്‍ ഭീമന്‍ ഗര്‍ത്തം രൂപപ്പെട്ടതും യുദ്ധക്കപ്പല്‍ നശിച്ചതും ഗോഡ്‌സില്ല ഒരു നഗരം തകര്‍ക്കുന്നതുമടക്കമുള്ള എ ഐ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചു.

ഫീച്ചര്‍ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളില്‍ സിന്‍ത് ഐ ഡി എന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുത്തിയിരുന്നുവെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് കമ്പനിയുടെ എ ഐ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗൂഗ്ള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദൃശ്യ വാട്ടര്‍മാര്‍ക്ക് മാത്രം ദുരുപയോഗം തടയാന്‍ മതിയാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

വിശ്വസനീയമായ ദൃശ്യങ്ങള്‍ക്കായാണ് ആളുകള്‍ ഗൂഗിള്‍ എര്‍ത്തിനെ ആശ്രയിക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടത് അനിവാര്യമായതിനാലാണ് കൂടുതല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതുവരെ ഫീച്ചര്‍ പിന്‍വലിക്കുന്നതെന്നും ഗൂഗ്ള്‍ വക്താവ് വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!