

തിരുവനന്തപുരം: പി ജി ഡോക്ടറുടെ ആത്മഹത്യയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന ആത്മഹത്യാ കുറിപ്പ് ഷഹന ആത്മഹത്യ ചെയ്ത ഫ്‌ളാറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെ കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഷഹന സുഹൃത്തായ ഡോക്ടറുമായി പ്രണയത്തിലായിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചെങ്കിലും വന്‍ സ്ത്രീധനം ആവശ്യപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ബി എം ഡബ്ല്യൂ കാര്‍, 150 പവന്‍, 15 ഏക്കര്‍ ഭൂമി എന്നിവയായിരുന്നുവത്രെ ആവശ്യപ്പെട്ടത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയെന്നും ഇതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

