കേരളത്തെ ഏഷ്യയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കും: മുഖ്യമന്ത്രി

Web Desk
3 Min Read

കൊച്ചി: ഇന്ത്യയിലേയും ഏഷ്യയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ കോണ്‍ക്ലേവും 75-ാം വാര്‍ഷികവും ഗോകുലം പാര്‍ക്ക് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്റെ ദേശീയ കണ്‍വെന്‍ഷന്‍ ഇത്തവണ കേരളത്തില്‍ നടത്തണമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയെ പ്രധാന വളര്‍ച്ചാ ഘടകമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുറമുഖ വികസനം, ഏവിയേഷന്‍, ഹോട്ടല്‍ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചുള്ള വികസനമാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

600 കിലോമീറ്ററോളം തീരപ്രദേശവും രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 18 മിനി തുറമുഖങ്ങളും കേരളത്തിനുണ്ട്. ഇവയെ ഏകോപിപ്പിച്ച് കേരളത്തെ ഒരു വലിയ തുറമുഖ നഗരമായി വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കയറ്റുമതി- ഇറക്കുമതി സൗകര്യങ്ങള്‍ ആരംഭിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ വലിയ വഴിത്തിരിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -
Ad image

കൊച്ചിയില്‍ ടൂറിസത്തിനായി പ്രത്യേക ആഡംബര മേഖല, മുസിരിസ് മേഖലയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം, കേരളത്തില്‍ ഫിലിം സിറ്റി, കോഴിക്കോട്ട് എം ടി വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കേരളത്തില്‍ ഹോട്ടല്‍ മുറികളുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ആരംഭിക്കാനുള്ള നടപടികളുണ്ടാകും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും. പൈലറ്റ് പരിശീലന കേന്ദ്രം ഉള്‍പ്പെടെ 27 ഏവിയേഷന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഇവിടെ ചെലവഴിക്കാന്‍ കഴിയുന്ന തരത്തില്‍ ടൂറിസം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണം. കടല്‍, കായല്‍, മലനിരകള്‍, വനങ്ങള്‍ എന്നിവയുടെ വൈവിധ്യം പ്രയോജനപ്പെടുത്തി റിവര്‍ ക്രൂയിസും മറ്റ് ടൂറിസം പദ്ധതികളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ ടൂറിസത്തിനായി യൂറോപ്യന്‍ മാതൃകയിലുള്ള കെയര്‍ഗിവിംഗ് കോഴ്‌സുകളും റീഹാബിലിറ്റേഷന്‍ സെന്ററുകളും ആരംഭിക്കും. ആയുര്‍വേദം, അലോപ്പതി, ഹോളിസ്റ്റിക് ചികിത്സ തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി ആരോഗ്യ ടൂറിസം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലും കേരളത്തെ ആഗോള കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ‘നോളജ് വാലി’ പദ്ധതിയുടെ ഭാഗമായി ലോകപ്രശസ്ത സര്‍വകലാശാലകളെ കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തും. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ അക്കാദമിക് പ്രോഗ്രാമുകളും പാഠ്യപദ്ധതികളും രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം എല്‍ എ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഇന്ത്യാ ഗവണ്‍മെന്റ് ടൂറിസം മന്ത്രാലയം റീജ്യണല്‍ ഡയറക്ടര്‍ ഡി വെങ്കിടേശന്‍, ഇന്ത്യാ ഗവണ്‍മെന്റ് ടൂറിസം മന്ത്രാലയം പ്രിന്‍സിപ്പല്‍ ഐ എച്ച് എം ഡോ. ടി അനന്തകൃഷ്ണന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസ്, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ ഹോണററി സെക്രട്ടറി അഷറഫ് നെല്ലിക്കുന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ആര്‍ സുനില്‍ കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറി.

വാര്‍ഷികാഘോഷത്തില്‍ ഹൈബി ഈഡന്‍ എം പി മുഖ്യാതിഥിയായിരുന്നു. ഇന്‍മെക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ് കോണ്‍ഡിനന്റ് റീജ്യണല്‍ വൈസ് പ്രസിഡന്റ് സുനില്‍ വി എ എന്നിവരെ ആദരിച്ചു.

ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച സേവനം നടത്തിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി.

Share This Article
Leave a Comment
error: Content is protected !!