
ദോഹ: ഖത്തറും ഒമാനും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍താനിയും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദിയും അവലോകനം ചെയ്തു.

ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇരു നേതാക്കളും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും തമ്മില്‍ തുടരുന്ന ചര്‍ച്ചകളും അവര്‍ വിലയിരുത്തി.

ഹോര്‍മുസ് കടലിടുക്കിലൂടെ താത്ക്കാലിക സംയുക്ത നാവിഗേഷന്‍ പാത സ്ഥാപിക്കുന്നതും കടലിടുക്കിലെ കുഴിബോംബുകള്‍ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി നടപ്പാക്കുന്നതും ഉള്‍പ്പെടുന്ന ഇടക്കാല ചട്ടക്കൂട് സംബന്ധിച്ചാണ് ഒമാനും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പ്രാദേശിക സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി ഒമാന്‍ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഖത്തര്‍ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. സഹോദരരാജ്യമായ ഒമാന്റെ ഇത്തരം നയതന്ത്ര ഇടപെടലുകള്‍ക്ക് ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

