ഖത്തര്‍ ടെക് ഓണം വര്‍ണാഭമായി ആഘോഷിച്ചു

Web Desk
2 Min Read

ദോഹ: ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തിയ ആഘോഷത്തില്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്തു.

city exchange

വിവിധ പരമ്പരാഗത വിനോദ മത്സരങ്ങളും കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ ജീവനക്കാര്‍ക്കൊപ്പം ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തത് പരിപാടിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.

വര്‍ണാഭമായ ഓണപ്പൂക്കളം ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു. കേരളത്തിന്റെ ഓണപ്പെരുമയും സാംസ്‌കാരിക തനിമയും വിളിച്ചോതിയ മനോഹരമായ പൂക്കളം ആഘോഷവേദിക്ക് പ്രത്യേക ചാരുത നല്‍കി.

ബേസില്‍ ജോസഫ്, സജി എം. കുര്യാക്കോസ്, ശ്രീരേഖ മേനോന്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളും അനുബന്ധ പരിപാടികളും മികച്ച രീതിയില്‍ ഏകോപിപ്പിക്കുന്നതില്‍ ഇവര്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

- Advertisement -
Ad image

ഖത്തര്‍ ടെക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടി. ഓപ്പറേഷന്‍ മാനേജര്‍ ബിനു കുര്യാക്കോസ്, പ്രോജക്ട് അക്കൗണ്ട് മാനേജര്‍ ജിനോജ് മാത്യു തോമസ്, അഡ്മിന്‍ ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജര്‍ ലൈജു വര്‍ഗീസ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജര്‍ ജോണ്‍ മാത്യു, അക്കൗണ്ട്സ് മാനേജര്‍ തോമസ് മാത്യു, ശ്രീരേഖ പറയില്‍വളപ്പില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ജീവനക്കാരുടെ സജീവ പങ്കാളിത്തത്തോടെ നടന്ന രസകരമായ മത്സരങ്ങള്‍ ആഘോഷത്തിന് ആവേശവും ഉല്ലാസവും പകര്‍ന്നു.

തലയില്‍ ഗ്ലാസ് വെച്ചുള്ള ഓട്ടമത്സരത്തില്‍ ജിബിന്‍ മാത്യു ഒന്നാം സ്ഥാനവും ലൈജു വര്‍ഗീസ് രണ്ടാം സ്ഥാനവും നേടി.

ബലൂണ്‍ ഊതി ഗ്ലാസ് ശേഖരിക്കുന്ന മത്സരത്തില്‍ ജിബിന്‍ മാത്യു ഒന്നാം സ്ഥാനവും രാഹുല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹാപ്പി ഫില്‍ഡ് ഗ്ലാസ് ഗെയിമില്‍ നിഫ്രാസ് ഒന്നാം സ്ഥാനവും റീജ രാജു രണ്ടാം സ്ഥാനവും നേടി.

ഹൈഡ് ആന്‍ഡ് സീക്ക് മത്സരത്തില്‍ ബിനു കുര്യാക്കോസ്, ലൈജു വര്‍ഗീസ്, ജാബിര്‍, ഫെന്നി ജോസ്, രാഹുല്‍ എന്നിവര്‍ വിജയികളായി.

ദൈനംദിന ഔദ്യോഗിക തിരക്കുകളില്‍നിന്ന് മാറി ജീവനക്കാര്‍ക്ക് പരസ്പരം സൗഹൃദം പങ്കിടാനും കൂട്ടായ്മ ശക്തിപ്പെടുത്താനും അവസരമൊരുക്കിയ ആഘോഷം ഖത്തര്‍ ടെക് കുടുംബത്തിന് അവിസ്മരണീയ അനുഭവമായി.

ഓണം കേവലം ഒരു ഉത്സവമല്ലെന്നും ഒരുമയുടെയും സമത്വത്തിന്റെയും പങ്കുവെക്കലിന്റെയും സൗഹാര്‍ദത്തിന്റെയും മഹത്തായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് പരസ്പര ബഹുമാനത്തോടെ ഒരുമിച്ചുകൂടാനും വിവിധ സംസ്‌കാരങ്ങളുടെ ആഘോഷങ്ങളില്‍ പങ്കുചേരാനും അവസരമൊരുക്കുന്ന തൊഴില്‍ അന്തരീക്ഷമാണ് ഖത്തര്‍ ടെക് പ്രോത്സാഹിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ജീവനക്കാരുടെ ക്ഷേമത്തിനും പരസ്പര സൗഹൃദത്തിനും സാംസ്‌കാരിക ഐക്യത്തിനും പ്രാധാന്യം നല്‍കുന്ന ഖത്തര്‍ ടെക്കിന്റെ സമീപനം അടയാളപ്പെടുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷം.

Share This Article
Leave a Comment
error: Content is protected !!