

ദുബൈ: ചാവക്കാട് വെങ്കിടങ് മഹല്ല് സ്വദേശിയും മര്‍ക്കസ് യു എ ഇ അലുംനിയുടെ നാഷണല്‍ വൈസ് പ്രസിഡണ്ടും ദുബൈ മര്‍കസ് എക്‌സിക്യുട്ടിവ് അംഗവുമായ വെങ്കിടങ് വി എം റഹീം ചാവക്കാട് (51) ദുബൈയില്‍ നിര്യാതനായി.

പരേതനായ ആര്‍ കെ സുലൈമാന്‍ ഹാജിയുടെയും പാത്തുട്ടി ഹജ്ജുമയുടെയും മകനായ അബ്ദുറഹീം ന്യുമോണിയ ബാധിച്ച് ഏതാനും ദിവസങ്ങളായി ഖിസൈസില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വെങ്കിടങ് സ്വദേശിനി ഖൈറുന്നിസയാണ് ഭാര്യ. ഫാത്തിമ, ആയിഷ ഫര്‍ഹാന, ഫായിസ് എന്നിവര്‍ മക്കളാണ്.
കഴിഞ്ഞ 35 വര്‍ഷമായി ദുബൈയിലുള്ള റഹീം ഹസ്സന്‍ അല്‍ ജനാഹി ടെക്‌നിക്കല്‍ സര്‍വീസ് എന്ന സ്ഥാപനം സഹോദരന്‍ മുഹമ്മദ് റാഷിദിനൊപ്പം നടത്തി വരുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് മകളുടെ നിക്കാഹിന് ശേഷമാണ് അദ്ദേഹം നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. യു എ ഇയില്‍ സുന്നി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പിതാവ് കണ്ണോത്ത് ആര്‍ കെ സുലൈമാന്‍ ഹാജിയുടെ കര്‍മ്മവഴിയില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ റഹീം മര്‍കസ് ബോര്‍ഡിംഗ് പൂര്‍വ്വ വിദ്യാര്‍ഥിയും മര്‍കസ് അലുംനി യു എ ഇ ചാപ്റ്റര്‍ ശില്‍പ്പികളില്‍ പ്രധാനിയും കേച്ചേരി മമ്പഹുല്‍ ഹുദാ യു എ ഇ കമ്മിറ്റിയുടെയും പ്രവര്‍ത്തകനായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് മര്‍കസ് യു എ ഇ അലുംനി ഭാരവാഹികളും ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരും നേതൃത്വം നല്‍കി. സഹോദരന്‍ മുഹമ്മദ് റാഷിദ്, മരുമകന്‍ മുനീര്‍ എന്നിവര്‍ മയ്യിത്തിനെ അനുഗമിക്കും. തിങ്കളാഴ്ച കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ എത്തിയശേഷം രാവിലെ ഒന്‍പതയ്ക്ക് നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സെന്‍ട്രല്‍ അലുംനി പ്രതിനിധികളും മയ്യിത്തിനെ അനുമഗിക്കും. കണ്ണോത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

