

ദോഹ: പ്രവാസി ലീഗല്‍ സെല്‍ ഖത്തര്‍ ചാപ്റ്റര്‍ അധ്യക്ഷനായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വീണ്ടും നിയമിതനായി.

പ്രവാസി വിഷയങ്ങളില്‍ ജനകീയവും ശ്രദ്ധേയവുമായ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിത്വമാണ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി. പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര- കേരള സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും നികുതി വ്യോമയാന മേഖലകളിലെ നിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഇതിനകം ആയിരത്തിലധികം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രവാസി വിഷയങ്ങളില്‍ പ്രമുഖ അച്ചടി മാധ്യമങ്ങളില്‍ കോളമിസ്റ്റും ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ പാനലിസ്റ്റായും സ്ഥിരപരിചിതനാണ്.

കുടിയേറ്റ രംഗത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അന്താരാഷ്ട്ര സെമിനാറുകളില്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ അവതരിപ്പിക്കാറുമുണ്ട്.
അദ്ദേഹത്തിന്റെ സേവനങ്ങള്‍ മുന്‍നിര്‍ത്തി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
നിലവില്‍ ലോക കേരളസഭാംഗമായും ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനബലന്റ് ഫോറം മാനേജ്‌മെന്റ് കമ്മിറ്റി അംഗമായും ഔദ്യോഗിക പദവിയിലുണ്ട്. പുറമേ പല പ്രമുഖ സംഘടനകളുടെയും നേതൃസ്ഥാനങ്ങളിലും ഉപദേശക സമിതിയിലും പ്രവര്‍ത്തിക്കുന്നു.
പ്രവാസികളുടെ നിരവധി ആവശ്യങ്ങള്‍ നിയമപരമായി നേടിയെടുക്കുന്നതില്‍ ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഒരു ദശാബ്ദത്തിലേറെ നടത്തി വരുന്ന പ്രവാസി ലീഗല്‍ സെല്ലിന് അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയുടെ നിയമനം പ്രവാസി സമൂഹത്തിന് കൂടുതല്‍ പ്രയോജനപ്പെടുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബല്‍ വാക്താവ് സുധീര്‍ തിരു നിലത്ത് എന്നിവര്‍ പറഞ്ഞു.

