
മനാമ: എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ 2026ലെ മിഡില്‍ ഈസ്റ്റ് ഇവന്റ് അവാര്‍ഡ്‌സില്‍ 10,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള മികച്ച വേദി എന്ന പുരസ്‌കാരം നേടി. മേഖലയിലെ പ്രമുഖ പ്രദര്‍ശനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും വന്‍കിട പരിപാടികള്‍ക്കുമുള്ള പ്രധാന വേദികളിലൊന്ന് എന്ന നിലയിലുള്ള, എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ അംഗീകാരം.

ആഗസ്ത് 20ന് ദുബായില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഇവന്റ് ഷോയോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റിലെ ബിസിനസ് ഇവന്റ്, ലൈവ് ഇവന്റ് മേഖലകളിലെ പ്രമുഖ പ്രൊഫഷണലുകളും സ്ഥാപനങ്ങളും വേദി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

അബുദാബി ദേശീയ പ്രദര്‍ശന കേന്ദ്രം, ബെയോണ്‍ അല്‍ ദാന ആംഫി തിയേറ്റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ഇത്തിഹാദ് അരീന എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വേദികളുമായി നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

