ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ എമിറേറ്റ്‌സിന്റെ പരസ്യം

Web Desk
2 Min Read

ദുബൈ: ബുര്‍ജ് ഖലീഫയുടെ നെറുകയില്‍ നിന്ന് നിക്കോള്‍ സ്മിത്ത് ക്യാമറ നോക്കി പറഞ്ഞു: ഹായ് മോം, ഐം അറ്റ് ടോപ് ഓഫ് ദി വേള്‍ഡ്- അമ്മേ, ലോകത്തിന്റെ നെറുകയിലാണ് ഞാനിപ്പോഴെന്ന്!
സ്‌കൈ ഡൈവറും യാത്രാ പ്രേമിയുമാണ് നിക്കോള്‍ സ്മിത്ത്. അമേരിക്കയിലെ 50 സ്‌റ്റേറ്റുകളും ലോകത്തിലെ 37 രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് നിക്കോള്‍. ആ നിക്കോളാണ് എമിറേറ്റ്‌സ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിന്റെ വസ്ത്രമണിഞ്ഞ് പരസ്യബോര്‍ഡുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നെറുകയില്‍ നില്‍ക്കുന്നത്.

city exchange


യു കെയിലെ ചുവപ്പ് ലിസ്റ്റില്‍ നിന്നും യു എ ഇയെ ഒഴിവാക്കുകയും എമിറേറ്റ്‌സ് യു കെയിലേക്ക് സര്‍വീസ് ആരംഭിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായുള്ള ആഹ്ലാദ പരസ്യ ചിത്രീകരണമായിരുന്നു അത്. യു കെയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയത് തങ്ങള്‍ക്ക് ലോകത്തിന്റെ നെറുകയിലെത്തിയെന്ന തോന്നലുണ്ടാകുന്നുവെന്നും എമിറേറ്റ്‌സില്‍ പറക്കൂ നന്നായി പറക്കൂ എന്നുമാണ് ഓരോ വെള്ളക്കാര്‍ഡ് മാറ്റി മാറ്റി പരസ്യത്തിലെ സുന്ദരി ലോകത്തോട് പറയുന്നത്.
മുപ്പത്തിരണ്ടു സെക്കന്റുള്ള പരസ്യത്തിലെ ആദ്യ ഭാഗങ്ങള്‍ കണ്ടാല്‍ പ്രത്യേകിച്ചൊരു കാര്യവും തോന്നില്ല. എന്നാല്‍ പിന്നെയാണ് കാഴ്ചക്കാര്‍ അന്തംവിട്ടുപോകുക. പിറകോട്ടേക്ക് പറക്കുന്ന ക്യാമറ എമിറേറ്റ്‌സ് യുവതി ബുര്‍ജ് ഖലീഫക്കു മുകളില്‍ കാര്‍ഡുമായി നില്‍ക്കുന്ന ദൃശ്യമാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുക. ദുബൈ നഗരത്തിന്റെ ആകാശ വീക്ഷണത്തില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ദൃശ്യം പിറകോട്ടു മാറുമ്പോള്‍ പൊട്ടുപോലെയാകുകയും സീ യു ഇന്‍ ദുബൈ എന്ന വാചകം തെളിയുകയും ചെയ്യും.


ഭൂമിയില്‍ നിന്നും 828 മീറ്റര്‍ ഉയരത്തിലാണ് പരസ്യം ചിത്രീകരിച്ചത്. ജീവിതമെന്നാല്‍ സാഹസികതയല്ലാതെ മറ്റൊന്നുമല്ലെന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ഉദ്ധരിച്ച് നിക്കോള്‍ സ്മിത്ത് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ പരസ്യം പങ്കുവെച്ചിട്ടുണ്ട്. തന്റെ കരിയറില്‍ ചെയ്ത ഏറ്റവും അത്ഭുതകരവും ആവേശകരവുമായ പ്രവര്‍ത്തനങ്ങളിലൊന്നാണിതെന്നതില്‍ സംശയമില്ലെന്നും അവര്‍ വിശദീകരിക്കുന്നു.


പ്രൈം പ്രൊഡക്ഷന്‍സ് എ എം ജിയും ടി ഇ സി എസ് ഇവന്റ് സര്‍വീസസും ചേര്‍ന്ന് ഒരൊറ്റ ഡ്രോണ്‍ മാത്രം ഉപയോഗിച്ചാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ശരിക്കും ചിത്രീകരിച്ചതാണോ ഗ്രാഫിക്സാണോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചതോടെ ചിത്രീകരണ വിവരങ്ങള്‍ വെളിപ്പെടുത്തിയും നിക്കോള്‍ സ്മിത്ത് ശരിക്കും റോക്ക് സ്റ്റാണെന്ന് പറഞ്ഞും ടി ഇ സി എസ് ഇവന്റ് സര്‍വീസസ് രംഗത്തെത്തിയിരുന്നു.

- Advertisement -
Ad image


കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ നടത്തിയ ചിത്രീകരണത്തിന്റെ വീഡിയോ ഇതിനകം ആയിരക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞു. ബുര്‍ജ് ഖലീഫയുടെ 160-ാം നിലയില്‍ നിന്നും ഏറ്റവും മുകളിലേക്കെത്താന്‍ ഒരു മണിക്കൂറോളമാണ് തങ്ങള്‍ കയറിയതെന്ന് പരസ്യത്തിന്റെ പിന്നാമ്പുറം പറയുന്നു.

Share This Article
Leave a Comment
error: Content is protected !!