
ദോഹ: ഖത്തറിന്റെ ലോജിസ്റ്റിക്സ്, ഫ്രൈറ്റ് ഫോര്‍വേഡിംഗ് മേഖലയ്ക്ക് നിര്‍ണായക നേട്ടമായി 2026-ലെ ഫിയാട്ട റീജിയന്‍ ആഫ്രിക്ക ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഫീല്‍ഡ് മീറ്റിംഗ് ആന്‍ഡ് കോണ്‍ഫറന്‍സിന് ആദ്യമായി ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നു.

മെയ് 11, 12 തിയ്യതികളില്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് അരങ്ങേറുക.

സമ്മേളനത്തില്‍ 1,500-ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഫ്രൈറ്റ് ഫോര്‍വേഡര്‍മാര്‍, ലോജിസ്റ്റിക്സ് സേവനദാതാക്കള്‍, നയരൂപീകരണ വിദഗ്ധര്‍, നിയന്ത്രണ ഏജന്‍സികളുടെ പ്രതിനിധികള്‍, വ്യവസായ വിദഗ്ധര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ലോജിസ്റ്റിക്സ്, ഗതാഗത മേഖലകളിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഗമങ്ങളിലൊന്നാണ് ഈ സമ്മേളനം. ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയിലും വൈവിധ്യവല്‍ക്കരണത്തിലുമുള്ള ലോജിസ്റ്റിക്സ് മേഖലയ്ക്കുള്ള പ്രാധാന്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
സമ്മേളനത്തിനൊപ്പം സംഘടിപ്പിക്കുന്ന പ്രത്യേക ലോജിസ്റ്റിക്സ് പ്രദര്‍ശനത്തില്‍ ഖത്തര്‍, ഗള്‍ഫ്, പ്രാദേശിക കമ്പനികള്‍ പങ്കെടുക്കും.

