

സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍പുലരിയുണരുന്ന ഒരു റിപ്പബ്ലിക് ദിനം കൂടി… ദേശ സ്‌നേഹത്തിന്റെ മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കടന്നു വരുന്ന ഓരോ റിപ്പബ്ലിക് ദിനവും പ്രവാസികള്‍ ആയ ഇന്ത്യക്കാര്‍ക്ക് അഭിമാനത്തിന്റെ മുഹൂര്‍ത്തമാണ്. താമസിക്കുന്ന രാജ്യത്തിന്റെ ദേശീയ ദിനങ്ങളില്‍, ആഘോഷങ്ങളില്‍ എന്നും നന്മയുടെ, സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഓരോ പ്രവാസിയും അണി ചേരുന്നത്.

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, ലിബറലിസം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ എല്ലാവരും ഉള്‍ക്കൊള്ളണം. സ്വാതന്ത്ര്യത്തോടെ അഭിപ്രായം പറയുന്നവര്‍, സ്വാതന്ത്ര്യത്തോടെ എഴുതുന്നവര്‍, സ്വാതന്ത്ര്യത്തോടെ ചിന്തിക്കുന്നവര്‍, ഇഷ്ടമുള്ള മതം വിശ്വസിക്കുന്നവര്‍, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നവര്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നവര്‍ അതാണ് ഇന്ത്യക്കാരന്റെ ഭരണഘടന നല്‍കുന്ന ഏറ്റവും മഹത്തായ മൂല്യം. സ്വന്തം മണ്ണിനെയും രാജ്യത്തുള്ള മുഴുവന്‍ മനുഷ്യനെയും ജാതി മത വര്‍ണ വര്‍ഗ ചിന്തകള്‍ക്കതീതമായി സ്‌നേഹിക്കാനും സഹവര്‍ത്തിക്കാനും നമുക്ക് കഴിയുന്നത് മഹത്തായ ഭരണഘടന നമുക്കുള്ളത് കൊണ്ടാണ്. അതാണ് ലോകത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ വക നല്‍കുന്നതും.

ഇന്ന് ഇന്ത്യ- ഖത്തര്‍ സൗഹൃദം സുദൃഢമായിരിക്കുന്നു. ലോകത്തെ ഏതൊരു രാജ്യത്തിന്റെയും വികസന പ്രക്രിയയിലും വളര്‍ച്ചയിലും കയ്യൊപ്പുചാര്‍ത്തുന്ന ഏറ്റവും സൃഷ്ടിപരതയുള്ള കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ പ്രവാസികള്‍ മാറിക്കഴിഞ്ഞു. തങ്ങള്‍ ജീവിക്കുന്ന രാജ്യത്തിന്റെ സന്തോഷ നിമിഷങ്ങളില്‍ കൂടെ നടക്കാന്‍ അര്‍ഹതയുള്ള, ദുഃഖനിമിഷങ്ങളില്‍ താങ്ങായിമാറാന്‍ സന്മനസ്സുള്ള ഒരു സമൂഹമായി മാറാനുതകുന്ന സാംസ്‌കാരിക ഔന്നത്യം ഇന്ത്യന്‍ പ്രവാസ സമൂഹം എന്നും പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നതാണ് അതിനുള്ള മുഖ്യകാരണം.
ഇന്ത്യയിലെത്തിയ അറബ് വ്യാപാരികളുടെ ലക്ഷ്യം രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് തിരിയാതെ കച്ചവടത്തിലൊതുങ്ങി എന്നതാണ് ഇന്ത്യയും അറബ് ലോകവുമായി ഇന്നും സുദൃഡമായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദത്തിന്റെ കാതല്‍. ഭാരതത്തിന്റെ ചരിത്രവും മറ്റൊന്നല്ല. ഭാരതം ഒരിക്കലും മറ്റൊരു മണ്ണിലും അധികാരക്കണ്ണോടെ കടന്നുകയറിയിട്ടില്ല എന്ന ചരിത്ര സാക്ഷ്യമാണ് നമ്മുടെ ശക്തി. ആധുനിക ലോകക്രമത്തില്‍, ശക്തമായ രാഷ്ട്രീയ സൈനിക സാമ്പത്തിക ശക്തിയായി ഭാരതം സ്വാധീനം അറിയിക്കുമ്പോഴും; തങ്ങളുടെ ഭൂമികയിലെ ഇന്ത്യന്‍ ജനതയുടെ സാന്നിധ്യത്തെ മറ്റൊരു ജനതയും ഭയപ്പെടുന്നില്ല എന്നതാണ് നാം ചരിത്രത്തിലൂടെ നല്‍കിയ സാംസ്‌കാരിക സഹിഷ്ണുതാ സന്ദേശത്തിന്റെ വിജയം. അറബ് ലോകവുമായി കേരളത്തിനുള്ള ബന്ധം വേര്‍തിരിച്ചു വിലയിരുത്തിയാല്‍ കുറേക്കൂടി ആഴത്തിലും പരപ്പിലും ഇടപഴകുന്ന രണ്ടു ജനതയുടെ ഹൃദയബന്ധം കാണാനാകും. ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന ഓരോ ചലനവും ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യമായി പ്രതിഫലിക്കുന്നത് മലയാളക്കരയിലാണ്. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തിനിടയില്‍ മലയാളിയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളുടെ വേരുകള്‍ എത്തിനില്‍ക്കുന്നത് കടലിനക്കരെ അവനൊഴുക്കിയ വിയര്‍പ്പിന്റെയും അവനനുഭവിച്ച വിരഹത്തിന്റെയും തീച്ചൂളയിലാണെന്നു കാണാം. വരും കാലങ്ങളിലും കേരളത്തിന്റെ ശക്തിയും ദൗര്‍ബല്യവും തീരുമാനിക്കുന്നത് ഈ ഗള്‍ഫ് സ്വാധീനം തന്നെ ആയിരിക്കുമെന്നതില്‍ ആര്‍കും തര്‍ക്കമില്ല.
ഖത്തറും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ബലപ്പെടുന്നത് താരതമ്യേന വൈകി 1970കളുടെ പകുതിയോടെയാണ്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് ഈ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന രീതിയിലേക്ക് ഇന്ത്യന്‍ സമൂഹം മാറി; ഇന്ത്യയുടെ സാമ്പത്തിക ഊര്‍ജ്ജമേഖലകളുടെ ഉണര്‍വ്വിനുതകുന്ന നല്ലൊരു സുഹൃത് രാജ്യമായി ഖത്തറും. ഖത്തറിന്റെ സാമ്പത്തിക സ്ഥിരതയുടെ നട്ടെല്ലായ ദ്രവീകൃത പ്രകൃതിവാതകമടക്കമുള്ള പെട്രോളിയം വിഭവങ്ങളുടെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. വ്യാവസായിക യന്ത്രങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ഇലക്ട്രിക് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഇരുമ്പുരുക്ക്, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഖത്തര്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യ സ്ഥാനമാണ്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം, സാമ്പത്തിക തൊഴില്‍ മേഖലകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ച് സൈനിക സഹകരണത്തിലേക്കും ശാസ്ത്രസാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിലേക്കും വിവര സാങ്കേതിക വിദ്യയുടെ വിനിമയത്തിലേക്കും സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള യോജിച്ച പ്രവര്‍ത്തനത്തിലേക്കും വിദ്യാഭ്യാസഗവേഷണ രംഗങ്ങളിലെ മുന്നേറ്റങ്ങളിലേക്കും വളര്‍ന്ന് പാരസ്പര്യത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ എഴുതുകയാണ്. ഇന്ന്, ഖത്തറിലെ ജനസംഖ്യയുടെ നാലിലൊന്നിനടുത്ത് വരുന്ന ഒരു വലിയ സമൂഹമായി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വളരാന്‍ കഴിയുന്ന രീതിയിലുള്ള സ്വീകാര്യത ഉണ്ടാക്കിയത് നമ്മുടെ പല തലമുറകളിലൂടെ തെളിയിക്കപ്പെട്ട സത്യസന്ധതയും അര്‍പ്പണ മനോഭാവവും കാര്യപ്രാപ്തിയും ഒക്കെ കൊണ്ടാണ്. താന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള ബഹുമാനവും നിയമങ്ങളോടുള്ള ആദരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന ഗുണമായി പലപ്പോഴും വിലയിരുത്തപ്പെടുന്നത് അഭിമാനകരമാണ്.
കലാപ കലുഷിതമായ വര്‍ത്തമാന കാലത്ത് ഏറ്റവും സമാധാനപൂര്‍ണ്ണമായ ഒരു സാമൂഹ്യസാഹചര്യം ഖത്തറില്‍ നിലനിര്‍ത്താനാകുന്നത് ഈ രാജ്യത്തെ ഭരണാധികാരികളുടെയും പൗരന്മാരുടെയും ഉന്നതമായ ലോകവീക്ഷണത്തിന്റെയും മാനവികതയില്‍ അടിയുറച്ച ജീവിതചര്യ യുടെയും ഫലമായാണ്. അത് തന്നെയാണ് ഇന്ത്യയിലും നാം ആഗ്രഹിക്കുന്നതും.
ഈ രാജ്യം ലോകത്തിനു മുന്നില്‍ ഒരു പുതിയ മാതൃകയായി ഉയര്‍ന്നുവരുന്നത് ഇവിടുത്തെ പൗരന്മാരെപ്പോലെതന്നെ ഇവിടെ ജീവിക്കുന്ന ഓരോ പ്രവാസിക്കും അഭിമാനകരമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഖത്തറും ഇന്ത്യയും തമ്മിലും വിശേഷിച്ചു കേരളവുമായും ബന്ധം ദൃഢമാകുന്ന ഒരു ദൃഢമാകുന്ന പശ്ചാത്തലമാണുള്ളത്.
മഹത്തായ നമ്മുടെ രാജ്യം ഒരിക്കല്‍ കൂടി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.


