ഖത്തര്‍ എയര്‍വെയ്‌സ് താത്ക്കാലിക പരിമിത വിമാന സര്‍വീസുകള്‍ നടത്തും

Web Desk
2 Min Read

ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് സാധാരണ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് പരിമിതമായ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചു.

city exchange

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ താത്കാലിക അനുമതിയെ തുടര്‍ന്ന് മാര്‍ച്ച് ഏഴിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യൂറോപ്പിലെ ചില നഗരങ്ങളിലേക്കാണ് പ്രത്യേക റിപ്പാട്രിയേഷന്‍ വിമാനങ്ങള്‍ പറക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാര്‍ച്ച് 7ന് ലണ്ടന്‍, പാരിസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളിലേക്കാണ് സുരക്ഷിതമായ പറക്കല്‍ കോറിഡോര്‍ ഉറപ്പാക്കിയതിനെ തുടര്‍ന്ന് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്.

ഈ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയത് ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങളോടൊപ്പം ഉള്ള യാത്രക്കാര്‍ക്ക്, വയോധികര്‍ക്കും അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കോ മാനവിക കാരണങ്ങളാലോ യാത്ര ചെയ്യേണ്ടവര്‍ക്കുമാണ്. ഇത്തരം യാത്രക്കാരെ നേരിട്ട് ഖത്തര്‍ എയര്‍വേയ്‌സ് തന്നെ തzരഞ്ഞെടുക്കുകയും ഓരോ വിമാനത്തിനും മുന്‍കൂട്ടി സീറ്റുകള്‍ അനുവദിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

- Advertisement -
Ad image

ഈ പ്രത്യേക സര്‍വീസുകള്‍ സാധാരണ വാണിജ്യ വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നതിനുള്ള സൂചനയല്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത വിമാനങ്ങളില്‍ സഞ്ചരിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ച യാത്രക്കാരല്ലാത്തവര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും അവരുടെ വിമാന വിവരങ്ങള്‍, യാത്രാ ക്രമീകരണങ്ങള്‍, തുടര്‍ നടപടികള്‍ എന്നിവ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സാധ്യമാകുന്നിടങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഒരുക്കുന്നതിന് എയര്‍ലൈന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതോടെ അറിയിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഖത്തറിന്റെ വ്യോമപാത പൂര്‍ണ്ണമായി സുരക്ഷിതമായി തുറന്നതായി പ്രഖ്യാപിക്കുന്നതോടെ സാധാരണ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അടുത്ത അറിയിപ്പ് മാര്‍ച്ച് എട്ടിന് ദോഹ സമയം രാവിലെ 9 മണിക്ക് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

യാത്രക്കാരോട് അവരുടെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പുതുക്കി വയ്ക്കാന്‍ എയര്‍ലൈന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിമാന വിവരങ്ങളും മറ്റ് നിര്‍ദേശങ്ങളും ലഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ വിവരങ്ങള്‍ പുതുക്കാം.

ഫെബ്രുവരി 28 മുതല്‍ 2026 മാര്‍ച്ച് 15 വരെ സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രക്കാര്‍ക്ക് യാത്രാ തിയ്യതി പരമാവധി 14 ദിവസം വരെ സൗജന്യമായി മാറ്റാനുള്ള സൗകര്യമോ ഉപയോഗിക്കാത്ത ടിക്കറ്റിന്റെ മൂല്യം തിരികെ ലഭിക്കുന്നതോ അനുവദിച്ചിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

നിലവിലെ പ്രതിസന്ധിക്കിടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമ ചോദിക്കുന്നതായും യാത്രക്കാരുടെ സഹനത്തിനും സഹകരണത്തിനും നന്ദി അറിയിക്കുന്നതായും ഖത്തര്‍ എയര്‍വേയ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!