തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തോടെയല്ല കാണുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ്

Web Desk
2 Min Read

ദോഹ: വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ ഗൗരവത്തോടെ കാണേണ്ട തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെങ്കിലും കോണ്‍ഗ്രസ് അതു കാണിക്കുന്നില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഹൃസ്വസന്ദര്‍ശാനര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളേയും നിലവിലുള്ള എം എല്‍ എമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ ഗോദയിലിറക്കാന്‍ തീരുമാനിച്ചത്. പരമാവധി ജയിക്കാനാവുന്ന എല്ലാ സീറ്റുകളും വര്‍ഗ്ഗീയ വിരുദ്ധ ഫാസിസത്തിനെതിരെ സംസാരിക്കുന്നവര്‍ ജയിച്ചു വരണമെന്നാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശുരും തിരുവനന്തപുരവും നേരത്തെ സി പി ഐ വിജയിച്ച മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ശക്തരായ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നാല് സീറ്റില്‍ മത്സരിച്ച് മൂന്നിലും ജയിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് സി പി ഐ എന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും മികച്ച വിജയം എല്‍ ഡി എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

ഇന്ത്യാ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം എന്താണെന്ന് ഗൗരവത്തോടെ അവര്‍ ചിന്തിക്കണമെന്നും പി പ്രസാദ് ആവശ്യപ്പെട്ടു.

ഇടതുപക്ഷ മുന്നണിയെ ഏതുവിധേനയും തടയുക എന്ന ഗൂഢോദ്ദേശ്യമാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും ലക്ഷ്യം. അവര്‍ക്ക് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് കോണ്‍ഗ്രസും ബി ജെ പിയും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹകരിച്ച് കേരളത്തില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ബി ജെ പിയാണ് പ്രധാന ശത്രുവെന്നാണ് കോണ്‍ഗ്രസ് പറയേണ്ടത്. ഇന്ത്യയുടെ നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. വര്‍ഗ്ഗീയതയും ഫാസിസവും ഏറ്റവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിച്ച് ഈ തെരഞ്ഞെടുപ്പിന്റെ ഗൗരവത്തെ ചോര്‍ത്തിക്കളയുകയാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലൂടെ ചെയ്യുന്നത്.

വിട്ടുവീഴ്ചകള്‍ ചെയ്ത് ഇന്ത്യാ മുന്നണിയെ മുമ്പോട്ട് നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. എന്നാല്‍ സങ്കുചിത ചിന്തകളും യാഥാര്‍ഥ്യബോധ്യമില്ലാത്ത രീതിയിലുമാണ് കോണ്‍ഗ്രസ് മുമ്പോട്ടു പോകുന്നത്. കര്‍ണാടക ജയം കൂടി ആയപ്പോള്‍ ഇന്ത്യ മൊത്തം പിടിച്ചുകളയാം എന്ന ധാരണയാണ് അവരില്‍ ചിലര്‍ക്കുണ്ടായത്. ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ചയാണത്. ഓരോ സംസ്ഥാനത്തേയും സാഹചര്യത്തെ അവര്‍ ശരിക്കു വിലയിരുത്തുകയായിരുന്നു വേണ്ടിയിരുന്നത്.

ബി ജെ പിക്കെതിരെ യോജിക്കാവുന്ന എല്ലാവരേയും പരമാവധി യോജിപ്പിക്കേണ്ടതിന് പകരം യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാതിരിക്കുകയും യോജിക്കാന്‍ നില്‍ക്കുന്നവരെ പിന്തള്ളുകയും ചെയ്യുന്ന രീതിയാണ് ദൃശ്യമാകുന്നത്. ഇത് ഒരിക്കലും ഗുണകരമാകില്ല. ഇവിടെയും കോണ്‍ഗ്രസ് ചിന്തിക്കേണ്ടത് ബി ജെ പിക്കെതിരെയുള്ള എല്ലാ വോട്ടുകളും സമാഹരിക്കണമെന്നാണ്.

കോണ്‍ഗ്രസിന്റെ ഒരു സംഘം നേതാക്കളാണ് ബി ജെ പിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിക്ക് ബദലായി ഉയര്‍ന്നു വരേണ്ട വര്‍ഗ്ഗീയ- ഫാസിസ വിരുദ്ധ മനോഭാവമുള്ളത് ഇടതു മുന്നണിക്കാണ്. അതില്‍ കോണ്‍ഗ്രസിനേക്കാള്‍ ഉയരത്തിലാണ് ഇടതുപക്ഷത്തിന്റെ സ്ഥാനമെന്നും അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!