Connect with us

Featured

എയര്‍ കേരള തയ്യാറെടുക്കുന്നു; ഓഫിസ് ഉദ്ഘാടനം 15ന്

Published

on


ആലുവ: കേരളത്തിന്റെ സ്വന്തം എയര്‍ലൈന്‍ കമ്പനി ‘എയര്‍ കേരള’യുടെ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള കോര്‍പറേറ്റ് ഓഫിസ് ഏപ്രില്‍ 15ന് ആലുവ മെട്രോ സ്‌റ്റേഷനു സമീപം ആരംഭിക്കും. കേരള വ്യവസായ മന്ത്രി പി രാജീവാണ് വൈകിട്ട് അഞ്ചരയ്ക്കാണ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.

ഉദ്ഘാടനച്ചടങ്ങില്‍ എം പിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ഹാരിസ് ബീരാന്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സഹമന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ വി മുരളീധരന്‍, എയര്‍ കേരള സാരഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിശാലമായ ഓഫിസ് സമുച്ചയത്തില്‍ ഒരേസമയം ഇരുനൂറില്‍പ്പരം വ്യോമയാന വിദഗ്ദര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സ്ഥാപനത്തില്‍ 750ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എയര്‍ കേരള മാനേജ്മെന്റ് അറിയിച്ചു.

ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്ന എയര്‍ കേരള വൈകാതെ അന്താരാഷ്ട്ര സര്‍വീസിനും തുടക്കമിടും. എയര്‍ കേരളയുടെ ആദ്യവിമാനം ജൂണില്‍ കൊച്ചിയില്‍ നിന്നു പറന്നുയരും. അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുകയെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്. വിമാനങ്ങള്‍ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട അറിയിച്ചു.

ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രൊ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയര്‍ കേരള സര്‍വീസുകള്‍ നടത്തുന്നതെന്ന് സിഇഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!