

തുമാമ: നാല്‍പ്പത്തിയൊന്‍പതാമത് അമീരി കപ്പ് അല്‍ സദ്ദിന്.
ഖത്തര്‍ ലോകകപ്പ് 2022ന് വിസില്‍ മുഴങ്ങുന്നതിന് മുമ്പ് അല്‍ തുമാമയിലെ ‘ഗഹ്ഫിയ’ സ്റ്റേഡിയത്തില്‍ അമീരി കപ്പില്‍ മുത്തമിട്ട് അല്‍ സദ്ദ്. പതിനാറു തവണ ഇതിനുമുമ്പ് അല്‍ സദ്ദ് ടീം അമീരി കപ്പില്‍ മുത്തമിട്ടിട്ടുണ്ടെങ്കിലും ലോകകപ്പ് സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ നേടിയ ജയത്തിന് മാധുര്യമേറെ.


നാല്‍പ്പത്തി അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ അല്‍റയ്യാന്‍ നായകന്‍ യാസിന്‍ ബ്രാഹിമി നേടിയ ഒരു ഗോളിന്റെ മുന്‍തൂക്കവുമായാണ് ആദ്യ പകുതി അവസാനിച്ചത്. എന്നാല്‍ 58-ാം മിനുട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ തന്നെ അല്‍ സദ്ദ് ഗോള്‍ മടക്കിയതോടെ കളി കടുത്ത മത്സരത്തിലേക്ക് മാറുകയായിരുന്നു. സാന്തി കാസ്‌റോളയാണ് അല്‍ സദ്ദിനായി സമനില ഗോള്‍ നേടിയത്.


89-ാം മിനുട്ടില്‍ അല്‍ സദ്ദിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി വീഡിയോ ചെക്കില്‍ പിന്‍വലിച്ചതോടെ നിശ്ചിത സമയത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില കൈവരിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 6-5 സ്‌കോറില്‍ അല്‍സദ്ദ് കിരീടത്തില്‍ മുത്തമിടുകയായിരുന്നു. അല്‍ സദ്ദ് നേടുന്ന എഴുപത്തി ആറാമത്തെ ട്രോഫിയാണിത്. ഖത്തറിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് അമീരി കപ്പ്.

ഖത്തര്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് അമീരി കപ്പ് ഫൈനലെങ്കിലും നാലു മണി മുതല്‍ തന്നെ ഫുട്ബാള്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തിത്തുടങ്ങിയിരുന്നു.

കളി തുടങ്ങുന്നതിന് മുമ്പ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ തുമാമ ലോകകപ്പ് സ്റ്റേഡിയം ഉദ്ഘാടനം നിര്‍വഹിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

വര്‍ണ്ണപ്പകിട്ടാര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ വെടിക്കെട്ടും പരമ്പരാഗത അറബിക് തലപ്പാവായ ഗഹ്ഫിയ അണിഞ്ഞ കുട്ടികളുടെ സാംസ്‌ക്കാരിക പരിപാടിയും ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി.




