

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലൂസൈല്‍ പ്രാര്‍ഥനാ മൈതാനിയില്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിച്ചു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനെം തുടങ്ങി നിരവധി വിശിഷ്ട വ്യക്തികളും ശൂറ കൗണ്‍സില്‍ അംഗങ്ങളും രാജ്യത്തെ നിരവധി ഉന്നതരായ അംബാസഡര്‍മാരും നയതന്ത്ര മേധാവികളും അമീറിനോടൊപ്പം നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

പരമോന്നത കോടതിയിലെ ജഡ്ജിയും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ശമ്മാരി ഈദ് ഖുതുബ നടത്തി. നോമ്പ് പൂര്‍ത്തിയാക്കുന്നതിന്റെയും ഈദ് ആഘോഷിക്കുന്നതിന്റെയും അനുഗ്രഹത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കി. ജീവിത സുരക്ഷ, സമൃദ്ധി, ജ്ഞാനപൂര്‍വകമായ നേതൃത്വം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു. സമൂഹത്തിന്റെ ഐക്യവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇതെന്നും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ഖുതുബയില്‍ വിശദമാക്കി.
