Featured
ജി സി സി വിദേശകാര്യ മന്ത്രിമാരെ അമീര്‍ സ്വീകരിച്ചു

ദോഹ: ജി സി സി മന്ത്രിതല കൗണ്‍സിലിന്റെ 49-ാമത് അസാധാരണ യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പാലസിലെ ഓഫീസില്‍ സ്വീകരിച്ചു.


ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യത്തിനും ഉറച്ച പിന്തുണയ്ക്കും അല്‍-ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചതിനും അമീര്‍ നന്ദി അറിയിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നഗ്നമായ ലംഘനമായും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമായും കണക്കാക്കപ്പെട്ടു.

ജി സി സി വിദേശകാര്യ മന്ത്രിമാര്‍ തങ്ങളുടെ രാജ്യങ്ങള്‍ക്ക് ഖത്തറിനോടുള്ള പൂര്‍ണ്ണ ഐക്യദാര്‍ഢ്യം വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും എല്ലാ ജി സി സി അംഗരാജ്യങ്ങളുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഊന്നിപ്പറഞ്ഞു.


ഗള്‍ഫിന്റെ സുരക്ഷ അവിഭാജ്യമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ഖത്തറിന്റെ സുരക്ഷയ്ക്കും പ്രദേശിക സമഗ്രതയ്ക്കും നേരെയുള്ള ഏതെങ്കിലും ഭീഷണികള്‍ നേരിടുമ്പോള്‍ കൗണ്‍സില്‍ ഖത്തറുമായി ഐക്യത്തോടെ നിലകൊള്ളുമെന്ന് അവര്‍ സ്ഥിരീകരിച്ചു.
സംയുക്ത ഗള്‍ഫ് സഹകരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും യോഗം അവലോകനം ചെയ്തു. പൊതുവായ ആശങ്കയുള്ള പ്രധാന പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മേഖലയുടെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവിലുള്ള പ്രതിസന്ധികള്‍ക്ക് നയതന്ത്രപരവും സമാധാനപരവുമായ പരിഹാരങ്ങള്‍ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി യോഗത്തില്‍ പങ്കെടുത്തു.


