

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ‘ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോചീഫായിരുന്ന അന്തരിച്ച എസ് അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റുമായി സഹകരിച്ച് നല്കുന്നതാണ് അരലക്ഷം രൂപയുടെ ‘എസ് അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പ്.’

‘കേരളത്തിന്റെ റെയില്‍ വികസനം, ഇന്നലെ, ഇന്ന്, നാളെ’, ‘കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം’എന്നീ വിഷയങ്ങളിലാണ് 2021, 2022 വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പ് നല്കിയത്.

മാധ്യമ രംഗത്ത് അനില്‍ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന അടിസ്ഥാന സൗകര്യവികസനം (റെയില്‍വേ, ടൂറിസം ഒഴികെ), സംസ്ഥാന ധനകാര്യം, വ്യോമഗതാഗതം, ദുര്‍ബല വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം എന്നീ മേഖലകളില്‍ കേരളത്തിന്റെ വികസനത്തിന്സഹായകമായ ഗൗരവപൂര്‍ണമായ അന്വേഷണത്തിനും പഠനത്തിനുമാണ് ഈ വര്‍ഷത്തെ ഫെലോഷിപ്പ് നല്‍കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍, ഗവേഷകര്‍, അധ്യാപകര്‍, പ്രൊഫഷണലുകള്‍ തുടങ്ങി ബന്ധപ്പെട്ട വിഷയത്തില്‍ അവഗാഹമുള്ളതോ പഠനം നടത്തുന്നതോ ആയ ആര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 2024 ജനുവരി ഒന്നിന് 50 തികയരുത്. ഫെല്ലോഷിപ്പ് ലഭിക്കുന്ന വ്യക്തി മേല്‍പ്പറഞ്ഞ ഏതെങ്കിലും വിഷയ മേഖലയില്‍ പുതിയ പഠനം നടത്തി മലയാളത്തിലോ ഇംഗീഷിലോ മികച്ച ഒരു പഠന/ ഗവേഷണ ഗ്രന്ഥം 2024 ഏപ്രില്‍ 20നകം തയ്യാറാക്കി സമര്‍പ്പിക്കണം.
പുസ്തക രൂപത്തില്‍ അച്ചടിക്കുമ്പോള്‍ കുറഞ്ഞത് 160 പേജുകളുള്ളതാകണം പഠനഗ്രന്ഥം. അപേക്ഷകള്‍ [email protected] എന്ന വിലാസത്തില്‍ 2023 ഒക്ടോബര്‍ രണ്ടിനകം ഇമെയിലായി ലഭിക്കണം. ഫെല്ലോഷിപ്പ് തുകയ്ക്കു പുറമേ, പുസ്തകത്തില്‍ നിന്നുള്ള വരുമാനവും രചയിതാവിനു ലഭിക്കും.
അനില്‍ രാധാകൃഷ്ണന്റെ ഓര്‍മദിനമായ 2024 ജൂണ്‍ 23ന് പുസ്തകം പ്രസാധനം ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ ഭാര്യ എസ് എസ് സിന്ധുവും കേസരി ട്രസ്റ്റ് ഭാരവാഹികളായ സാനു ജോര്‍ജ് തോമസും അനുപമ ജി നായരും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://kmjt.org വെബ്സൈറ്റില്‍ ലഭിക്കും.

