Connect with us

NEWS

വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള ശ്രമം അനുവദിക്കാനാവില്ല: ഡോ. ഹുസൈന്‍ മടവൂര്‍

Published

on


കോഴിക്കോട്: രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കള്‍ കയ്യേറാന്‍ വ്യക്തികള്‍ക്കും സര്‍ക്കാറിനും അവസരമൊരുക്കുന്നതാണ് സര്‍ക്കാറിന്റെ പുതിയ വഖഫ് ഭേദഗതി നിര്‍ദ്ദേശങ്ങളെന്നും അത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും കോഴിക്കോട് പാളയം ചീഫ് ഇമാമും വഖഫ് ബോര്‍ഡ് മുന്‍ അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
കോഴിക്കോട് പാളയം ജുമാ മസ്ജിദില്‍ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ മതക്കാര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്താനും അനുഷ്ഠിക്കാനും മതസ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് നടത്താനും ഭരണഘടന അനുവാദം നല്‍കിയിട്ടുണ്ട്. അതിനാല്‍ മുസ്‌ലിംകള്‍ മതപരമായി സ്ഥാപിച്ച വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ഏതുതരം കടന്നു കയറ്റവും ഭരണഘടനാവിരുദ്ധമാണ്.

ഓരോ മതസ്ഥാപനങ്ങളും അതാത് മതക്കാരാണ് നടത്തേണ്ടത്. അവയില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് സമുദായങ്ങളെ തമ്മിലകറ്റുകയാണ് ചെയ്യുക.
അതിനാല്‍ നിര്‍ദ്ദിഷ്ഠ പരിഷ്‌കാരങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ കാരണമാവും.

അല്ലാഹുവിന്റെ പ്രീതി മാത്രമാഗ്രഹിച്ച് വഖഫ് ചെയ്ത വിലപിടിച്ച സ്വത്തുക്കളും സ്ഥാപനങ്ങളും അന്യാധീനപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയേ മതിയാവൂ.

വഖഫ് സംരക്ഷണം മെച്ചപ്പെടുത്താനാണ് പുതിയ ഭേദഗതിയെന്ന കേന്ദ്രത്തിന്റെ വിശദീകരണം ശരിയല്ല. അതാണുദ്ദേശ്യമെങ്കില്‍ മുതിര്‍ന്ന ഇസ്‌ലാമിക പണ്ഡിതന്മാരെയും മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമകള്‍ പോലുള്ള ആധികാരിക സമിതികളുടെ പ്രതിനിധികളെയും വഖഫ് ബോര്‍ഡില്‍ കൊണ്ടുവന്ന് അതിന്റെ പ്രവര്‍ത്തനം പദ്ധതികളും മാര്‍ഗ്ഗരേഖയും തയ്യാറാക്കുകയാണ് ചെയ്യേണ്ടതെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.


error: Content is protected !!