
മനാമ: ബഹ്‌റൈനിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി നടത്തിയ പരിശോധനകളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ 169 മോട്ടോര്‍ സൈക്കിളുകളും ഡെലിവറി വാഹനങ്ങളും പിടിച്ചെടുത്തു.

ഡ്രൈവര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. തെറ്റായ പാര്‍ക്കിംഗ്, ഹെല്‍മറ്റ് ധരിക്കാത്തത്, നിശ്ചിത ലൈനുകള്‍ പാലിക്കാത്തത്, എമര്‍ജന്‍സി ലൈനിന്റെ ദുരുപയോഗം, പെഡസ്ട്രിയന്‍ ക്രോസിംഗ് ലംഘിക്കല്‍, ട്രാഫിക്കിനെതിരെ വാഹനമോടിക്കല്‍, ,ട്രാഫിക് സിഗ്നലുകളില്‍ വാഹനങ്ങള്‍ക്കിടയില്‍ അപകടകരമായി സഞ്ചരിക്കല്‍ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍.

ഇത്തരം നിയമലംഘനങ്ങള്‍ പൊതുസുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ ബഹ്റൈന്‍ ട്രാഫിക് നിയമങ്ങളും സുരക്ഷാനിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് പൗരന്മാരുടെയും താമസക്കാരുടെയും സഹകരണവും ബോധവത്ക്കരണവും അനിവാര്യമാണെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
