

ദമ്മാം: മനുഷ്യര്‍ക്കിടയില്‍ ഭീതിയുടെ മതിലുകള്‍ സൃഷ്ടിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സജീവമായ സാഹചര്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകള്‍ അതിനെതിരെ കൂടുതല്‍ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇടപെടണമെന്ന് ദമ്മാം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ആഹ്വാനം ചെയ്തു.

രാഷ്ട്രീയ ദുഷ്ടലാക്കോടെ സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാനും സമുദായങ്ങളെ അപരവല്‍ക്കരിക്കുവാനും നടത്തുന്ന ശ്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മതേതര മൂല്യങ്ങള്‍ ആഴത്തില്‍ വേരൂന്നിയ കേരളീയ സമൂഹത്തില്‍ വെറുപ്പുത്പാദിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള ശ്രമം നാം നേടിയ നവോഥാന മൂല്യങ്ങളുടെ തിരിഞ്ഞു നടത്തത്തിന് കാരണമാകും. പരസ്പരം അറിയാനും അറിയിക്കുവാനുമുള്ള വേദികള്‍ കൂടുതല്‍ സൃഷ്ടിക്കുവാനും അത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിഭജനത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതുമുണ്ട്.

മത- രാഷ്ട്രീയ കക്ഷി ഭേദമന്യേ മനുഷ്യര്‍ക്ക് ഒന്നിച്ചിരിക്കുവാനുള്ള പൊതു ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഭിന്നിപ്പിന്റെ സ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇഫ്താര്‍ സംഗമം ആഹ്വാനം ചെയ്തു.
ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒ ശബീര്‍ വെള്ളാടത്ത് ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.
ദമ്മാമിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംഗമത്തില്‍ മുഹമ്മദ് കുട്ടി കോഡൂര്‍, സിദ്ദീഖ് പാണ്ടികശാല (കെ എം സി സി), ബിജു കല്ലുമല, ഇ കെ സലീം (ഒ ഐ സി സി), അന്‍വര്‍ ശാഫി, സിനാന്‍ (തനിമ), അബ്ദുസ്സമദ് (കെ എന്‍ എം), ഡി ഐ സി മുഹമ്മദ്, അബ്ദുല്‍ ഗഫൂര്‍ വിസ്ഡം ഇസ്ലാമിക് സെന്റര്‍, നജീം ബഷീര്‍ (എം എസ് എസ്), അബ്ദുല്‍ മജീദ് (സിജി), പി ടി അലവി (മീഡിയ), നവോദയ കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ നൗഷാദ് അകോലത്ത്, നൗഫല്‍ വെളിയംകോട്, നസീമുസ്സബാഹ് (ഫോക്കസ് സൗദി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. നൗഷാദ് കുനിയില്‍ മോഡറേറ്ററായിരുന്നു
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് യൂസുഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നസ്‌റുള്ള അബ്ദുല്‍ കരീം സ്വാഗതവും ജമാല്‍ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

