

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി താനൂരിലെത്തുന്നു
താനൂര്‍: ബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി വര്‍ധിച്ചു. ഇവരില്‍ 15 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഉള്‍പ്പെടെ വിവിധ ആശുപത്രികളിലാണുള്ളത്.

ഷംന പരപ്പനങ്ങാടി, സഫ്‌ല ഷെറിന്‍ പരപ്പനങ്ങാടി, ഹാദി മുണ്ടുപറമ്പ്, അയിഷാബി ചെട്ടിപ്പടി, നെയ്‌റ ഒട്ടുമ്മല്‍, സഹ്‌റ ഒട്ടുമ്മല്‍, റുഷ്ദ ഒട്ടുമ്മല്‍, ആദില ഷെറിന്‍ ചെട്ടിപ്പടി, ജല്‍സിയ (40), സഫ്‌ല (7), ഹസ്‌ന (18), റസീന, അഫ്‌ലഹ് (7), അന്‍ഷിദ്, പൊലീസ് ഉദ്യോഗസ്ഥനായ സബറുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് കരുതുന്നത്. തെരച്ചില്‍ അര്‍ധരാത്രിയും തുടരുകയാണ്. മുങ്ങിയ ബോട്ട് കരയ്ക്കു സമീപം എത്തിച്ച് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നു പരിശോധന നടത്തുന്നുണ്ട്. കരയ്ക്ക് സമീപം എത്തിച്ച ബോട്ടില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
താനൂരിലുണ്ടായ ബോട്ട് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി പി എം എന്‍ ആര്‍ എഫില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ദുരന്ത പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ എത്തിച്ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ രാത്രിയോടെ താനൂരിലെത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, കെ പി എ മജീദ് എം എല്‍ എ തുടങ്ങിയവരും താനൂരിലുണ്ട്.
ദുരന്തത്തിന്റെ പശ്ചാതലത്തില്‍ കേരളത്തിലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.
അപകടം നടന്ന ഓട്ടുംപുറം തൂവല്‍തീരത്ത് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് അവസാനിപ്പിക്കേണ്ട ബോട്ടിംഗ് രാത്രിയും തുടര്‍ന്നതായും മന്ത്രി വിശദമാക്കി.
മുപ്പതോളം പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ നാല്‍പ്പതോളം പേരെയാണ് കുത്തിനിറച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബോട്ടില്‍ കൂടുതല്‍ പേരെ കയറ്റുന്നത് കണ്ട ചിലര്‍ മുന്നറിയിപ്പ് നല്‍കിയതായും പറയുന്നു. കഴിഞ്ഞ ആഴ്ച കൂടുതല്‍ പേരെ കയറ്റി സര്‍വീസ് നടത്താന്‍ ശ്രമിച്ച ബോട്ടില്‍ നിന്നും പൊലീസ് ചിലരെ ഇറക്കിവിട്ടിരുന്നു.

