

ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനെത്തുന്നു. നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരെ ഭരിക്കാന്‍ ഇന്ത്യക്കാരന്‍ അധികാരത്തിലെത്തുന്നത് ചരിത്രത്തിന്റെ തിരുത്തായി.

ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബത്തിലെ ചെറുമകനായ 42കാരന്‍ ഋഷി സുനകാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുക. 45 ദിവസം മാത്രം പ്രധാനമന്ത്രിയായി സ്ഥാനമൊഴിയേണ്ടി വന്ന ലിസ് ട്രിസിന്റെ പിന്‍ഗാമിയായാണ് ഋഷി സുനക് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഏഴ് ആഴ്ചയ്ക്കുള്ളില്‍ ബ്രിട്ടനിലെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഋഷി സുനക്. ബോറിസ് ജോണ്‍സണും ലിസ് ട്രിസിനും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിയാകുന്നു.

നേരത്തെ ഋഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡൗണ്ട് ഋഷി സുനകിനെതിരെ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീടവര്‍ പിന്മാറുകയായിരുന്നു. ഋഷി സുനക്കിന് പൂര്‍ണപിന്തുണയെന്നാണ് പെന്നി മോര്‍ഡൗണ്ട് ട്വീറ്റ് ചെയ്തത്.
ബ്രിട്ടനിലെ കൃസ്ത്യാനിയല്ലാത്ത ആദ്യ പ്രധാനമന്ത്രിയായ ഋഷി സുനക് ആദ്യത്തെ ഹിന്ദു ഭരണാധികാരി കൂടിയാണ്. എങ്കിലും കോവിഡിന് ശേഷം തകര്‍ന്ന ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധി ഋഷി സുനകിനു മുമ്പില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതോടൊപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വെല്ലുവിളികളും അദ്ദേഹം നേരിടുന്നുണ്ട്.

