Featured
ബുദ്ധദേബ് ഭട്ടാചാര്യ നിര്യാതനായി
കൊല്‍ക്കത്ത: മുതിര്‍ന്ന സി പി എം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. ദീര്‍ഘകാലമായി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസും വാര്‍ധക്യസഹജമായ രോഗങ്ങളും കാരണം പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം കുറച്ചുകാലമായി സജീവമായിരുന്നില്ല.
1944 മാര്‍ച്ച് ഒന്നിന് വടക്കന്‍ കൊല്‍ക്കത്തയിലാണ് ഭട്ടാചാര്യ ജനിച്ചത്. 1966ല്‍ സി പി എമ്മില്‍ പ്രാഥമിക അംഗമായി. 1968ല്‍ പശ്ചിമ ബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി. 1971ല്‍ സി പി എം സംസ്ഥാന കമ്മറ്റി അംഗവും 1982ല്‍ സെക്രട്ടറിയേറ്റ് അംഗവും 1984 മുതല്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവുമായി. 1985ല്‍ കേന്ദ്രകമ്മറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം.