ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു

Web Desk
2 Min Read

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി എന്‍ ഡി എ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്ത 767 വോട്ടില്‍ 452 സി പി രാധാകൃഷ്ണനും 300 വോട്ട് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിക്കും ലഭിക്കും. 15 വോട്ടുകള്‍ അസാധുവായി. ഇന്ത്യാ മുന്നണിക്ക് ലഭിക്കേണ്ട 24 വോട്ടുകള്‍ സി പി രാധാകൃഷ്ണന് കിട്ടി. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബി ആര്‍ എസ്, ബി ജെ ഡി, അകാലി ദള്‍ എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

city exchange

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ആവശ്യമായത്. ആര്‍ എസ് എസിലൂടെ നേതൃത്വത്തിലേക്കെത്തിയ സി പി രാധാകൃഷ്ണന്‍ തമിഴ്‌നാട് ബി ജെ പി അധ്യക്ഷന്‍, മഹാരാഷ്ട്ര ഗവര്‍ണര്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബി ജെ പിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.

ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ എന്നാണ് മുഴുവന്‍ പേര്. 1957 ഒക്ടോബര്‍ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ ആര്‍ എസ് എസിലെത്തി. 1974ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ ബി ജെ പി തമിഴ്നാട് സെക്രട്ടറിയായിയായും 2004ല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

1998ലും 1999ലും കോയമ്പത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്ത് ടെക്സ്‌റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റി, ധനകാര്യത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്നിവയില്‍ പ്രവര്‍ത്തിച്ചു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സ്പെഷ്യല്‍ കമ്മിറ്റിയിലും അംഗമായിരുന്നു.

- Advertisement -
Ad image

2016ല്‍ രാധാകൃഷ്ണനെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ തെലങ്കാന ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും രാധാകൃഷ്ണന്‍ നിയോഗിക്കപ്പെട്ടു.

ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ രാധാകൃഷ്ണന്‍ ടേബിള്‍ ടെന്നീസില്‍ കോളേജ് ചാമ്പ്യനും ദീര്‍ഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യു കെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, ഹോളണ്ട്, തുര്‍ക്കി, ചൈന, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍, തായ്ലന്‍ഡ്, ഈജിപ്ത്, യു എ ഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.

Share This Article
Leave a Comment
error: Content is protected !!